ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി ഇടതുമുന്നണിയുടെ ഭാഗമല്ലാത്ത ഒരു വിഭാഗം ജനങ്ങളെ കേരള മന്ത്രിസഭ നേരിട്ടു കണ്ടെന്ന പ്രതീക്ഷയിലാണ് ‘നവകേരള സദസ്സ്’ സമാപിക്കുമ്പോൾ സർക്കാരും സിപിഎമ്മും. അവരുടെയെല്ലാം വോട്ടു മുന്നണിക്കു ലഭിക്കുമോ എന്നു ചോദിച്ചാൽ, പക്ഷേ വ്യക്തതയില്ല.

സർക്കാരും മുന്നണിയും ഒരുമിച്ചു സംഘടിപ്പിച്ച കേരളത്തിലെ ആദ്യ രാഷ്ട്രീയ പ്രചാരണ പരീക്ഷണമായിരുന്നു ‘നവകേരള സദസ്സ്’. പങ്കാളിത്തം കൊണ്ടു വിജയം തന്നെയാണെന്നു സിപിഎം അവകാശപ്പെടുന്നു. വീട്ടുമുറ്റ സദസ്സുകൾ മുതൽ മണ്ഡലം സദസ്സുകൾ വരെയുള്ള സംഘാടനത്തോടെ മുന്നണിയുടെ തിരഞ്ഞെടുപ്പ് സംവിധാനം ഉണരുകയും ചെയ്തു.

5 നേട്ടങ്ങൾ

1) കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളും നിലപാടുകളും വലിയ വിഭാഗം ജനങ്ങളിലേക്ക് എത്തിക്കാനായി.

2) പിണറായി സർക്കാരിനു വോട്ടു ചെയ്തവരും ചെയ്യാത്തവരുമായവരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാർ കൂടെയുണ്ടെന്ന പ്രതീതി പകരാനായി.

3) നവകേരള സദസ്സ് ബഹിഷ്കരിക്കുകയും അതിനെതിരെ സമരം നടത്തുകയും ചെയ്ത പ്രതിപക്ഷത്ത് ഇക്കാര്യങ്ങളിൽ ഭിന്നത ഉണ്ടെന്നു പ്രചരിപ്പിക്കാൻ സാധിച്ചു.

4) യുഡിഎഫിന്റെ കുറ്റ വിചാരണാ സദസ്സിനെക്കാൾ വലിയ പങ്കാളിത്തം എല്ലാ മണ്ഡലങ്ങളിലും ഉറപ്പു വരുത്താനായതു പ്രവർത്തകരിൽ ആത്മവീര്യമുണ്ടാക്കി.

5) ഗവർണറുമായുള്ള ഉരസൽ ചർച്ചാ വിഷയമാകുകയും രാഷ്ട്രപതിയെ സർക്കാർ സമീപിക്കുകയും ചെയ്തതോടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസം നേടിയെടുക്കാമെന്ന പ്രതീക്ഷ സജീവമായി.

കല്ലുകടിയായി ശാസനയും രക്ഷാപ്രവർത്തനവും

സംഘാടനവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളും പ്രതിപക്ഷ സമരവും അതിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളും സമ്മിശ്ര പ്രതികരണങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് എൽഡിഎഫ് തിരിച്ചറിയുന്നു. മട്ടന്നൂരിൽ പാർട്ടി കേന്ദ്രകമ്മിറ്റി അംഗം കൂടിയായ കെ.കെ.ശൈലജ എംഎൽഎയെ ശാസിച്ച മുഖ്യമന്ത്രി പാലായിൽ ഘടകകക്ഷി എംപി തോമസ് ചാഴികാടനെ പരസ്യമായി തിരുത്തി. രണ്ടും പാർട്ടിയിലും മുന്നണിയിലും നീറിനിൽക്കുന്നു. ‘ജീവൻരക്ഷാ പ്രവർത്തനം’ എന്ന വാക്കിന്റെ മഹിമ കളയുന്ന പ്രതികരണം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായോ എന്ന ചോദ്യം ചർച്ചാവിഷയമായി തുടരുന്നു.

English Summary:

CPM assesses partnership beyond LDF for Nava Kerala Sadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com