എഴുത്തുകാരന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ച മറ്റൊരാളില്ല:അടൂർ ഗോപാലകൃഷ്ണൻ
Mail This Article
∙എംടിയെപ്പോലെ എഴുത്തുകാരന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ച മറ്റൊരാളില്ല. എംടിയെ ആദരിക്കുമ്പോൾ മലയാള ഭാഷയെ ആദരിക്കുകയും നമ്മുടെ സംസ്കാരത്തെ ആഘോഷിക്കുകയുമാണ്. കഥയിലും നോവലിലും മാത്രമല്ല, നാടകത്തിലും കവിതയിലും എംടി പ്രതിഭ തെളിയിച്ചു.
എണ്ണമറ്റ തിരക്കഥകളാണ് അദ്ദേഹം എഴുതിയത്. എംടി ഒരു തിരക്കഥ എഴുതിക്കിട്ടിയാൽ അതു വിജയിക്കും എന്ന വിശ്വാസം സിനിമാ മേഖലയിലുണ്ട്.
എംടി വ്യക്തിയോ പ്രസ്ഥാനമോ അല്ല വിപുലമായ സാംസ്കാരിക മണ്ഡലമാണ്. സിനിമയിൽ വരുന്നതിനു മുൻപു തന്നെ അദ്ദേഹത്തിന്റെ കൃതികൾ വായിച്ചിരുന്നു. അതിലൂടെയാണു വളർന്നത്. -അടൂർ ഗോപാലകൃഷ്ണൻ (‘എംടി കാലം–നവതിവന്ദനം’ ഉദ്ഘാടനം ചെയ്തു കൊണ്ട്)
എന്നും യഥാർഥ മാസ്റ്റർ
എംടി സാറിന്റെ തിരക്കഥയിൽ ‘കന്യാകുമാരി’യിൽ അഭിനയിക്കുമ്പോൾ എനിക്കു 18 വയസ്സാണു പ്രായം.
ഊണിലും ഉറക്കത്തിലും സിനിമ നെഞ്ചിലേറ്റി നടന്ന ഒരു പയ്യന് എംടി സാർ നൽകിയതു വലിയ ചിറകുകളായിരുന്നു. ആ സിനിമയിൽ ഞാൻ ഫിലിംഫെയർ പുരസ്കാരം നേടി.
നായകനായി നിവർന്നു നിൽക്കാൻ കരുത്തു നൽകിയ കഥാപാത്രമായിരുന്നു അത്. എഴുത്തുകാരനാണ് യഥാർഥ സൂപ്പർ സ്റ്റാർ എന്നു തിരിച്ചറിഞ്ഞത് എംടി സാറിനെ അടുത്തറിഞ്ഞപ്പോഴാണ്.
യൂറോപ്യൻ സിനിമ പ്രേമികൾക്കു ബൈസിക്കിൾ തീവ്സ് പോലെയാണ് എനിക്കു നിർമാല്യം. എംടി സാറിന്റെ കഥകൾ ഞാൻ വായിച്ചു കേൾക്കുകയായിരുന്നു. എന്നും യഥാർഥ മാസ്റ്റർ.-കമൽഹാസൻ (വിഡിയോ സന്ദേശത്തിൽനിന്ന്)