കഥാപാത്രങ്ങൾ കൺമുന്നിൽ;എംടിയുടെ കഥാപാത്രങ്ങൾ കോർത്തിണക്കി ‘മഹാസാഗരം’ നാടകം
Mail This Article
കൊച്ചി ∙ എംടിയുടെ കഥാപാത്രങ്ങളെ കോർത്തിണക്കി നാടക സംവിധായകൻ പ്രശാന്ത് നാരായണൻ ഒരുക്കിയ നാടകം ‘മഹാസാഗരം’ കഥാകാരനുള്ള അരങ്ങിന്റെ സർഗസമർപ്പണമായി.
എംടിയുടെ കൃതികളായ നാലുകെട്ട്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, വളർത്തുമൃഗങ്ങൾ, കാലം, മഞ്ഞ്, ഗോപുരനടയിൽ, ദയ, രണ്ടാമൂഴം, വടക്കൻ വീരഗാഥ, നിർമാല്യം, അസുരവിത്ത് എന്നിവയിലെ കഥാപാത്രങ്ങളെ കോർത്തിണക്കിയാണു നാടകം അവതരിപ്പിച്ചത്.
ഭ്രാന്തൻ വേലായുധനും കുട്ട്യേടത്തിയും നിർമാല്യത്തിലെ വെളിച്ചപ്പാടും നാലുകെട്ടിലെ അപ്പുണ്ണിയും വളർത്തുമൃഗങ്ങളിലെ ജാനമ്മയും കാലത്തിലെ സേതുവും മഞ്ഞിലെ ബുദ്ദുവും രണ്ടാമൂഴത്തിലെ ഭീമനും വടക്കൻ വീരഗാഥയിലെ ചന്തുവുമെല്ലാം പുനരവതരിച്ചു.
പുസ്തകങ്ങൾ പ്രകാശനം ചെയ്തു
കൊച്ചി ∙ എംടിയുടെ നവതിവന്ദന വേദി പുതിയ പുസ്തകങ്ങളുടെ പ്രകാശനവേദിയായി. ‘എംടി: കാലം കാലാതീതം’ എന്ന പുസ്തകത്തിന്റെ പ്രകാശനം അടൂർ ഗോപാലകൃഷ്ണന് ആദ്യ പ്രതി കൈമാറി മോഹൻലാൽ നിർവഹിച്ചു.
മനോരമ മുൻ ഡിസൈൻ കോ ഓർഡിനേറ്റർ അന്തരിച്ച അനൂപ് രാമകൃഷ്ണൻ രൂപകൽപന ചെയ്ത ‘നിന്റെ ഓർമയ്ക്ക്’ ഓഡിയോ ബുക് മമ്മൂട്ടി അവതരിപ്പിച്ചു. ജോയ് ആലുക്കാസ് രചിച്ച ‘സ്പ്രെഡിങ് ജോയ്’ എന്ന പുസ്തകം എംടിക്ക് ഗ്രന്ഥകർത്താവ് സമ്മാനിച്ചു.