ADVERTISEMENT

തിരുവനന്തപുരം ∙ മന്ത്രിയാകുന്നതിനു മുൻപു മുംബൈയിലെ ട്രാവൽ ഏജൻസി ഉടമ എന്ന നിലയ്ക്ക് ഒട്ടേറെപ്പേരെ കടൽ കടത്തിയിട്ടുണ്ട് അഹമ്മദ് ദേവർകോവിൽ. രണ്ടരവർഷം മുൻപ് അപ്രതീക്ഷിതമായി മന്ത്രിസ്ഥാനം ലഭിച്ചപ്പോൾ കടൽ കടത്താനുള്ള ചുമതലതന്നെയാണു ലഭിച്ചത്. തുറമുഖമന്ത്രിയെന്ന നിലയിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ ചരക്കുകപ്പൽ എത്തിച്ച ശേഷമാണു ദേവർകോവിലിന്റെ പടിയിറക്കം.

ആദ്യമായി എംഎൽഎ ആയതിന്റെ പരിഭ്രമമൊന്നുമില്ലാതെയാണു ദേവർകോവിൽ തുറമുഖ വകുപ്പു ഭരിച്ചത്. കോവിഡ്, ഓഖി പ്രതിസന്ധിയിൽ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം തടസ്സപ്പെട്ട സമയത്തായിരുന്നു നിർണായക ചുമതല. ട്രാവൽ ഏജൻസി ബിസിനസിൽ തീയതി നിശ്ചയിച്ചു പിന്നോട്ട് ആസൂത്രണം ചെയ്യുന്ന ശൈലി വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും പരീക്ഷിച്ചു. തുറമുഖം കമ്മിഷൻ ചെയ്യേണ്ട തീയതിയും ആദ്യ കപ്പൽ എത്തിക്കേണ്ട തീയതിയും ആദ്യം തീരുമാനിച്ചു. പിന്നെ അതിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾ. നിശ്ചയിച്ച തീയതി അധികം കടക്കാതെ തന്നെ കപ്പലെത്തി. തുറമുഖത്തിന് അനുബന്ധമായി റെയിൽപാത നിർമിക്കുന്നതിനുള്ള ഡിപിആറിന് കേന്ദ്ര അംഗീകാരം നേടി. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിനു ഭൂമിയേറ്റെടുത്തു നൽകി. 

ചെറുതുമുറഖങ്ങളുടെ വികസനവും ദേവർകോവിലിന്റെ അജൻഡയായിരുന്നു. ഇതിനായി മാരി ടൈം ബോർഡ് പുനഃസംഘടിപ്പിച്ചു. പുതിയ ഓഫിസ് സംവിധാനവുമൊരുക്കി. മ്യൂസിയം വകുപ്പ് മന്ത്രിയെന്ന നിലയിൽ പുതിയതായി 6 മ്യൂസിയം, കുന്നമംഗലത്ത് ആർക്കൈവ്സ് ഉപകേന്ദ്രം, തിരുവനന്തപുരം കൺസർവേഷൻ ലാബ് എന്നിവ സ്ഥാപിച്ചു.

25 വർഷം ഇടതുപക്ഷത്തിനൊപ്പം നിന്ന ശേഷമാണ് ഐഎൻഎലിന് ഇടതുമുന്നണിയിൽ പ്രവേശനം ലഭിച്ചത്. ആദ്യമായി ലഭിച്ച മന്ത്രിസ്ഥാനത്തിൽ അവർക്കുണ്ടായ പരിഭ്രമം 6 മാസത്തിനകം പാർട്ടിക്കുള്ളിലെ കലഹമായി വളർന്നു. വിവാദം  മന്ത്രിസ്ഥാനത്തെത്തന്നെ ബാധിക്കുമോ എന്ന ഘട്ടത്തിൽ, പിളർപ്പിന്റെ വക്കിലെത്തിയ ശേഷമാണ് അടങ്ങിയത്.
∙വലിയ അംഗീകാരമായിരുന്നു
ഒരു എംഎൽഎ മാത്രമുള്ള ഞങ്ങളുടെ പാർട്ടിക്കു മന്ത്രിസ്ഥാനം കിട്ടിയത് വലിയ അംഗീകാരമായിരുന്നു. ആത്മാർഥതയോടെ നന്നായി പ്രവർത്തിക്കാനും ശ്രമിച്ചു. വിലയിരുത്തേണ്ടത് ജനങ്ങളാണ്. കോഴിക്കോട് സൗത്ത് എംഎൽഎ എന്ന നിലയിലും ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും സജീവമായുണ്ടാകും.-അഹമ്മദ് ദേവർകോവിൽ 

English Summary:

Kerala Government: Changes in Cabinet Ahamed Devarkovil Profile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com