മന്ത്രിസഭയിലും ഊഴം; നടപ്പിലായത് ആദ്യ ‘മുന്നണിക്കരാർ’
Mail This Article
തിരുവനന്തപുരം ∙ മുന്നണിയിലെ കരാർ പ്രകാരം മന്ത്രിസഭയിൽ നിന്നുള്ള കേരളത്തിലെ തന്നെ ആദ്യത്തെ രാജിയാണ് ആന്റണി രാജുവിന്റെയും അഹമ്മദ് ദേവർകോവിലിന്റെയും. മന്ത്രിസഭാ രൂപീകരണവേളയിൽ എൽഡിഎഫ് ചർച്ച ചെയ്തു മിനിറ്റ്സിൽ ആക്കിയ തീരുമാനമാണു നടപ്പിൽ വന്നത്.
കെ.ബി.ഗണേഷ് കുമാറിനെതിരെ ചില ആക്ഷേപങ്ങൾ ഉരുണ്ടുകൂടിയതു മൂലം കരാർ പാലിക്കാൻ മുന്നണി മുതിരുമോ എന്ന സംശയം ഒരു ഘട്ടത്തിൽ ഉയർന്നിരുന്നു. എന്നാൽ എൽഡിഎഫ് ചർച്ച ചെയ്തെടുത്ത ഒരു ധാരണ വേണ്ടെന്നു വയ്ക്കാൻ പര്യാപ്തമായ ഒരു പ്രശ്നവും ഗണേഷിന്റെ കാര്യത്തിൽ ഇല്ലെന്ന് സിപിഎം വിലയിരുത്തിയതോടെ അദ്ദേഹത്തിനും കടന്നപ്പള്ളിക്കും വഴി തെളിഞ്ഞു.
സാധാരണ, ആക്ഷേപങ്ങളുടെയോ വിവാദങ്ങളുടെയോ പേരിലോ അല്ലെങ്കിൽ പാർട്ടികൾക്കുള്ളിൽ എടുക്കുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തിലോ ആണു മന്ത്രിമാർ രാജി വയ്ക്കുന്നതും പുതിയവർ വരുന്നതും. ഇവിടെ മുന്നണി തന്നെ കരാറിൽ ഏർപ്പെട്ടു എന്നതാണു വ്യത്യാസം.
മുന്നണിയിൽ സിപിഎം ‘വല്യേട്ടൻ’ കളിക്കുകയാണെന്നും മറ്റു ഘടകകക്ഷികളെ ഗൗനിക്കാറില്ലെന്നുമുള്ള വിമർശനം 2010നു ശേഷം കനത്തതു വിലയിരുത്തി, സിപിഎം ബോധപൂർവം വരുത്തിയ മാറ്റത്തിന്റെ ഭാഗമായാണ് എല്ലാ ഘടകകക്ഷികളെയും മന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചത്. 21 അംഗ മന്ത്രിസഭയിൽ, പക്ഷേ എല്ലാവർക്കും പ്രാതിനിധ്യം നൽകാൻ കഴിയാതെ വന്നപ്പോൾ കണ്ടെത്തിയ പോംവഴിയാണു കാലാവധി പകുത്തു നൽകുകയെന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ് ഈ ഊഴം വച്ചുള്ള മാറ്റം പരീക്ഷിച്ച ഘട്ടത്തിൽ എൽഡിഎഫ് അതിനോടു തത്വത്തിൽ യോജിച്ചിരുന്നില്ല. എന്നാൽ മന്ത്രിസഭയിൽ തന്നെ ആ പരീക്ഷണത്തിനു മുതിർന്നത് എൽഡിഎഫായി.
മുന്നണിയോഗത്തിനു മുൻപുതന്നെ രാജി വയ്ക്കുകയാണ് ഉചിതമെന്ന് ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ചൂണ്ടിക്കാട്ടിയതു മുഖ്യമന്ത്രി അംഗീകരിച്ചതിനെ തുടർന്നാണ് രാവിലെ തന്നെ ഇരുവരും രാജി നൽകിയത്.
നവകേരള സദസ്സിന്റെ സമാപനയോഗത്തിന് അധ്യക്ഷത വഹിച്ചതിന്റെ പിറ്റേന്നു മന്ത്രിസഭയിൽ നിന്നു രാജിവയ്ക്കാനായി ആന്റണി രാജുവിനു നിയോഗം. ലത്തീൻ വിഭാഗത്തിന്റെ പ്രാതിനിധ്യം ഇതോടെ ഇല്ലാതായി. സർക്കാരുമായി അകൽച്ചയിലുള്ള എൻഎസ്എസിന്റെ ഡയറക്ടർ ബോർഡ് അംഗം എന്ന പുതിയ മേൽവിലാസത്തോടു കൂടിയാണ് ഗണേഷ് മന്ത്രിസഭയിലേക്കു വരുന്നത്. ഇടതുപക്ഷക്കൂറു തുടരുന്ന കടന്നപ്പള്ളി വിഎസ് സർക്കാരിലും രണ്ടു പിണറായി സർക്കാരുകളിലും മന്ത്രിയാകുന്നു എന്നതു പ്രത്യേകത.
10 കക്ഷികൾക്കും പ്രാതിനിധ്യം, എന്നിട്ടും ആർജെഡി പുറത്ത്
എൽഡിഎഫിലെ 10 ഘടകകക്ഷികൾക്ക് ഇതോടെ രണ്ടാം പിണറായി മന്ത്രിസഭയിൽ പ്രാതിനിധ്യമാവുകയാണ്. എന്നിട്ടും അടുത്തയിടെ ആർജെഡി ആയി മാറിയ പഴയ എൽജെഡിയെ മാത്രം തഴഞ്ഞു. ഏകാംഗ കക്ഷികൾക്കെല്ലാം മന്ത്രിസഭാ പ്രാതിനിധ്യം നൽകാൻ തീരുമാനിച്ചിട്ടും ആ പട്ടികയിലുള്ള തങ്ങളോടു മാത്രം എന്താണ് അനീതി എന്ന ചോദ്യം അവർക്കുണ്ടാകും. മുന്നണിയിലെ ധാരണ പാലിക്കാനുളള തീരുമാനം എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചപ്പോൾ തങ്ങൾക്കും പ്രാതിനിധ്യം വേണമെന്ന് ആർജെഡി നേതാവ് വർഗീസ് ജോർജ് ആവശ്യപ്പെട്ടു. ദേശീയതലത്തിൽ ബിജെപി വിരുദ്ധ ചേരിയുടെ ഭാഗമായി സിപിഎമ്മും ആർജെഡിയും ഒരുമിച്ചു നിൽക്കുന്ന സാഹചര്യം കണക്കിലെടുക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയെങ്കിലും അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരണമുണ്ടായില്ല.