കോളജ് വിദ്യാർഥിനിയെ എസ്എഫ്ഐക്കാർ കയ്യേറ്റം ചെയ്ത കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ നീക്കി
Mail This Article
പത്തനംതിട്ട∙ കടമ്മനിട്ടയിലെ സ്വകാര്യ കോളജിൽ എസ്എഫ്ഐ പ്രവർത്തകർ വിദ്യാർഥിനിയെ കയ്യേറ്റം ചെയ്തെന്ന കേസിൽ ആറന്മുള എസ്എച്ച്ഒ സി.കെ.മനോജിനെ അന്വേഷണ ചുമതലയിൽനിന്നു നീക്കി. പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാറിനു ചുമതല കൈമാറിയതായി ജില്ലാ പൊലീസ് മേധാവി വി. അജിത്ത് പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദർവേഷ് സാഹെബിന്റെ നിർദേശത്തെത്തുടർന്നാണു നടപടി. വിദ്യാർഥിനിക്കെതിരെ എസ്എഫ്ഐക്കാർ നൽകിയ രണ്ടു കേസുകളും എസ്. നന്ദകുമാർ തന്നെ അന്വേഷിക്കും. കേസന്വേഷണം അട്ടിമറിക്കാൻ ആറന്മുള എസ്എച്ച്ഒ ശ്രമിക്കുന്നതായി വിദ്യാർഥിനി കഴിഞ്ഞ ദിവസം ഡിജിപിക്കു പരാതി നൽകിയിരുന്നു.
അതേസമയം, തന്റെ മൊഴിക്കനുസരിച്ചുള്ള വകുപ്പുകൾക്കു പകരം ദുർബലമായ വകുപ്പുകൾ ചുമത്തി പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്നു പരാതിക്കാരിയായ വിദ്യാർഥിനി പറഞ്ഞു. ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചതായി തനിക്കെതിരെ പരാതി നൽകിയ വിദ്യാർഥി സംഘർഷം നടന്ന ദിവസം കോളജിൽതന്നെ വന്നിട്ടില്ല.
ഹാജരടക്കം പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും. മൂന്നു ദിവസത്തിനു ശേഷം പട്ടികജാതി പട്ടികവർഗ സംരക്ഷണ നിയമ പ്രകാരം ഇയാൾ തനിക്കെതിരെ കേസ് കൊടുത്തത് ഗൂഢാലോചനയുടെ ഭാഗമായാണ്. തന്നെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ എസ്എഫ്ഐ നേതാവ് മുൻപും പല തവണ കോളജിൽ സംഘർഷങ്ങളിൽ ഉൾപ്പെട്ട ആളാണ്. ഇനി സംഘർഷം ഉണ്ടാക്കിയാൽ ഇയാളെ കോളജിൽനിന്നു പുറത്താക്കാൻ ഹൈക്കോടതി ഉത്തരവുണ്ട്. ഇതു പാലിക്കണമെന്ന് അഭ്യർഥിച്ച് ജനുവരി രണ്ടിനു ഹൈക്കോടതിയെ സമീപിക്കുമെന്നും വിദ്യാർഥിനി പറഞ്ഞു.
കേസന്വേഷണം പൊലീസ് അട്ടിമറിക്കുന്നതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ ആറന്മുള പൊലീസ് സ്റ്റേഷൻ മാർച്ച് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു.