ശബരീശന് തങ്കഅങ്കി ചാർത്തി ദീപാരാധന; ഇന്ന് മണ്ഡലപൂജ
Mail This Article
ശബരിമല∙ മഞ്ഞണിഞ്ഞ മാമലയിൽ ശരണ കീർത്തനങ്ങളുടെ ആരതികളായിരുന്നു ഇന്നലെ. മണ്ഡലപൂജയ്ക്കു മുന്നോടിയായി തങ്കഅങ്കി ചാർത്തി നടന്ന ദീപാരാധന പതിനായിരങ്ങൾക്ക് ആത്മനിർവൃതിയുടെ പൊൻകിരണമായി. ശബരീശന് ഇന്ന് മണ്ഡലപൂജ.
തങ്ക അങ്കി ചാർത്തി നടതുറന്നപ്പോൾ സന്നിധാനത്തു മാത്രമല്ല, പൂങ്കാവനമാകെ ഭക്തി പകർന്ന കുളിരായിരുന്നു. തങ്ക അങ്കി ചാർത്തിയ അയ്യപ്പസ്വാമിയെ കണ്ടു തൊഴാൻ തിരക്കേറെയായിരുന്നു. പമ്പയിൽനിന്നു തങ്ക അങ്കി പേടകം ചുമന്നാണു കൊണ്ടുവന്നത്. തന്ത്രിയുടെ അനുജ്ഞ വാങ്ങി ശരംകുത്തിയിൽ എത്തിയ ദേവസ്വം സംഘം തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ചു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിച്ചു. പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിൽ എത്തിയ ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു ബലിക്കൽപ്പുര വാതിലിലൂടെ സോപാനത്തേക്കു കടന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി പി.എൻ.മഹേഷ് എന്നിവർ ചേർന്നു ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി. തത്വമസിയുടെ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടന്നപ്പോൾ എല്ലായിടവും കർപ്പൂരദീപം കൊളുത്തി ഭക്തർ ഭഗവാന്റെ ചൈതന്യം ഏറ്റുവാങ്ങി.
ഇന്നു രാവിലെ 10.30നും 11.30നും മധ്യേ തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടക്കും. 41 ദിവസം നീണ്ട മണ്ഡലകാല തീർഥാടനത്തിനു സമാപ്തി കുറിച്ച് ഇന്നു രാത്രി 11നു നട അടയ്ക്കും. പിന്നെ മകരവിളക്കിനായി 30നു വൈകിട്ട് 5നു നടതുറക്കും. ജനുവരി 15ന് ആണു മകരവിളക്ക്.
തിരക്കൊഴിയാതെ ശബരിമല
വഴിനീളെ വാഹനങ്ങൾ തടഞ്ഞിട്ടും സന്നിധാനത്തേക്കുള്ള തീർഥാടക പ്രവാഹം കുറഞ്ഞില്ല. ഇന്നു രാത്രി നട അടയ്ക്കാനിരിക്കെ എത്തുന്ന എല്ലാവർക്കും ദർശനം ലഭിക്കുമോ എന്ന ആശങ്കയും ബാക്കി. ശനിയാഴ്ച തുടങ്ങിയ പ്രവാഹം ഇന്നലെയും തുടർന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയും 22 മണിക്കൂറിൽ കൂടുതൽ കാത്തുനിന്നാണു തീർഥാടകർ ദർശനം നടത്തിയത്. ഇന്നലെ 16 മുതൽ 18 മണിക്കൂർ വരെയും കാത്തിരുന്നു.