ഭൂമി തരംമാറ്റം: വീണ്ടും അപേക്ഷ വേണ്ട;അദാലത്തിൽ എത്തണം
Mail This Article
തിരുവനന്തപുരം ∙ ഫീസ് സൗജന്യത്തിന്റെ പരിധിയിൽ വരുന്ന ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ജനുവരി 16ന് ആരംഭിക്കുന്ന പ്രത്യേക അദാലത്തുകളിലേക്ക് ഭൂവുടമകൾ വീണ്ടും അപേക്ഷകൾ നൽകേണ്ടി വരില്ല. എന്നാൽ, അപേക്ഷകർ അദാലത്തുകളിൽ എത്തേണ്ടി വരും. നിലവിൽ ഫോം ആറിൽ ലഭിച്ച അപേക്ഷകൾ 27 റവന്യു ഡിവിഷൻ തലങ്ങളിലായി ആർഡിഒമാർ പരിഗണിക്കുന്ന തരത്തിലാണ് അദാലത്തുകൾ നടത്തുക. കുറവ് അപേക്ഷകൾ ഉള്ള റവന്യു ഡിവിഷനുകളിലാകും ആദ്യം അദാലത്തുകൾ. ഒന്നര മാസത്തിനകം മുഴുവൻ ഡിവിഷനുകളിലും അദാലത്തുകൾ പൂർത്തിയാക്കുകയാണു ലക്ഷ്യം. അദാലത്തുകളുടെ തീയതികൾ മന്ത്രി കെ.രാജന്റെ അധ്യക്ഷതയിൽ ഇന്നു ചേരുന്ന റവന്യു സെക്രട്ടേറിയറ്റ് നിശ്ചയിക്കും. കൂടുതൽ അപേക്ഷകളുള്ള ജില്ലകളിൽ രണ്ട് ദിവസം അദാലത്തുകൾ നടത്താൻ ആലോചനയുണ്ട്.
25 സെന്റിനു താഴെ വിസ്തൃതിയുള്ളതും ഫീസ് അടയ്ക്കേണ്ടതില്ലാത്തതുമായ അപേക്ഷകളാണ് ഫോം ആറിൽ സമർപ്പിച്ചിട്ടുള്ളത്. ഇവ 1.26 ലക്ഷം വരും. ഡിസംബർ 31വരെ ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ അദാലത്തുകളുടെ ഭാഗമാകും. പിന്തുടർച്ചാവകാശം വഴിയോ വിൽപന വഴിയോ ലഭിച്ച ‘നിലം’ എന്നു രേഖപ്പെടുത്തിയ ഭൂമി, തരംമാറ്റാൻ ഫോം ആറിൽ ലഭിച്ച അപേക്ഷകളിൽ, മുൻ ഭൂവുടമയ്ക്ക് ഉണ്ടായിരുന്ന സ്ഥലത്തിന്റെ വിസ്തൃതി 25 സെന്റിൽ ഏറെയാണെങ്കിൽ അത്തരം അപേക്ഷകൾ അദാലത്തുകളുടെ പരിഗണനയിൽ വരില്ല. അപേക്ഷകൾ ഇതനുസരിച്ച് തരംതിരിക്കുന്ന നടപടികൾ മറ്റും നടന്നുവരികയാണ്.