വൃക്കദാനം: പൊലീസ് റിപ്പോർട്ട് പരിഗണിച്ചില്ല; ശസ്ത്രക്രിയയ്ക്ക് ഹൈക്കോടതി അനുമതി
Mail This Article
കൊച്ചി ∙ വൃക്കദാതാവിന്റെ സാമ്പത്തികസ്ഥിതി മോശമാണെന്ന കാരണത്താൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതിപത്രം പൊലീസ് നിഷേധിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് ഒരാഴ്ചയ്ക്കകം അനുമതി നൽകാൻ ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിക്ക് ഹൈക്കോടതി നിർദേശം നൽകി. തൃശൂർ സ്വദേശിനിയായ വൃക്കദാതാവും വൃക്ക സ്വീകരിക്കുന്ന എറണാകുളം സ്വദേശിയും നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയത്.
വൃക്കദാതാവിന്റെ സാമ്പത്തികസ്ഥിതി മോശമാണെന്നും ഇവരുടെ വിവാഹം നിയമപ്രകാരമല്ലെന്നും ചൂണ്ടിക്കാട്ടി തൃശൂർ റൂറൽ മേഖലയിലെ ഡിവൈഎസ്പി അനുമതിപത്രം നിഷേധിച്ചെന്നും തുടർന്നു ബന്ധപ്പെട്ട പ്രാദേശികതല ഓതറൈസേഷൻ സമിതിക്ക് രേഖകൾ നൽകാനായില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. 2016 മുതൽ കോവിഡ് മഹാമാരി വരെ ഇവരുടെ കുടുംബത്തിൽ ജോലി ചെയ്തിരുന്നെന്നും കുടുംബവുമായി അടുപ്പമുണ്ടെന്നും മനുഷ്യത്വവും അനുകമ്പയും മൂലമാണു അവയദാനത്തിനു തയാറായതെന്നും വൃക്കദാതാവ് കോടതിയെ അറിയിച്ചു.
തുച്ഛ വരുമാനക്കാരാണെന്നും വീടില്ലെന്നും അതിനാൽ അവർ പണത്തിനു വേണ്ടിയേ പ്രവർത്തിക്കൂവെന്നുമുള്ള പൊലീസിന്റെ ന്യായം വ്യക്തികളുടെ അന്തസ്സിനെയും മാന്യതയെയും അധിക്ഷേപിക്കുന്നതാണെന്നു ഹൈക്കോടതി വിലയിരുത്തി.