ADVERTISEMENT

തിരുവനന്തപുരം∙ സിപിഐയെ സംസ്ഥാനത്ത് ഇനി ബിനോയ് വിശ്വം നയിക്കും. അന്തരിച്ച സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പിൻഗാമിയായി സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന അദ്ദേഹത്തെ ആ സ്ഥാനത്തേക്കു പാർട്ടി സംസ്ഥാന കൗൺസിൽ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ബിനോയിയെ സെക്രട്ടറിയാക്കാനുള്ള സംസ്ഥാന നിർവാഹക സമിതി യോഗത്തിലെ ധാരണ കൗൺസിൽ യോഗത്തിൽ ആദ്യം സംസാരിച്ച ജനറൽ സെക്രട്ടറി ഡി.രാജയാണ് വ്യക്തമാക്കിയത്. തുടർന്ന് സംസാരിച്ച കേന്ദ്ര നിർവാഹക സമിതി അംഗം കെ.പ്രകാശ് ബാബു ബിനോയിയുടെ പേരു തന്നെ നിർദേശിച്ചു. യോഗം ഐകകണ്ഠ്യേന തീരുമാനം അംഗീകരിച്ചു.

കഴിഞ്ഞ വർഷം തിരുവനന്തപുരത്തു ചേർന്ന സംസ്ഥാന സമ്മേളനമാണ് മൂന്നാം തവണയും കാനം രാജേന്ദ്രനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ പിൻഗാമിയാകുന്ന ബിനോയ് വിശ്വത്തിന് അടുത്ത സമ്മേളന കാലം വരെയുള്ള 2 വർഷത്തോളമാണു മുന്നിലുള്ളത്.

ചികിത്സയെ തുടർന്ന് അവധിക്ക് അപേക്ഷിച്ചപ്പോൾ പകരം ചുമതല ഏൽപിക്കാൻ കാനം നിർദേശിച്ചത് ബിനോയിയെ ആയിരുന്നു. എന്നാൽ കാനത്തിന്റെ സംസ്കാര ചടങ്ങുകൾക്കു തൊട്ടു പിന്നാലെ തന്നെ കോട്ടയത്ത് നിർവാഹക സമിതി യോഗം ചേർന്ന് അദ്ദേഹത്തെ ചുമതലയേൽപിക്കാൻ തീരുമാനിച്ചപ്പോൾ തിടുക്കത്തിലുള്ള തീരുമാനത്തെ ആ യോഗത്തിൽ വിമർശിച്ചതു കെ.പ്രകാശ് ബാബുവായിരുന്നു. കെ.ഇ.ഇസ്മായിൽ പിന്നീടു പരസ്യമായും എതിർപ്പ് വ്യക്തമാക്കി. എന്നാൽ ഇന്നലെ സംസ്ഥാന കൗൺസിലിൽ പ്രകാശ് ബാബു കൂടി ബിനോയിയുടെ പേര് നിർദേശിച്ചതോടെ പരസ്യ വിഭാഗീയതയ്ക്കു വഴിവയ്ക്കാതെ പുതിയ സെക്രട്ടറിയെ അവരോധിക്കാനായതിന്റെ ആശ്വാസത്തിലാണ് കേന്ദ്ര നേതൃത്വം.

നിലവിൽ രാജ്യസഭാംഗമായ ബിനോയ് വിശ്വം (68) പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. എഐടിയുസി അഖിലേന്ത്യാ വർക്കിങ് പ്രസിഡന്റ്, പാർട്ടി പ്രസിദ്ധീകരണമായ ന്യൂ ഏജ് മാഗസിന്റെ എഡിറ്റർ സ്ഥാനങ്ങളും വഹിക്കുന്നു. വൈക്കം സ്വദേശിയായ അദ്ദേഹം 2006–2011 കാലത്ത് സംസ്ഥാന വനം മന്ത്രിയുമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്നു സി.കെ.വിശ്വനാഥന്റെ മകനാണ്.

English Summary:

Binoy Viswam elected as CPI state secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com