ഡിജിപിയുടെ വസതിയിലെ സമരം റിപ്പോർട്ട് ചെയ്ത മൂന്നു മാധ്യമപ്രവർത്തകർക്ക് നോട്ടിസ്
Mail This Article
തിരുവനന്തപുരം ∙ ഡിജിപിയുടെ ഔദ്യോഗിക വസതിയിൽ തള്ളിക്കയറി മഹിളാമോർച്ച നടത്തിയ സമരം റിപ്പോർട്ട് ചെയ്ത മൂന്നു മാധ്യമ പ്രവർത്തകർക്ക് പൊലീസ് നോട്ടിസ്. ജനം ടിവി റിപ്പോർട്ടർ രശ്മി കാർത്തിക, ക്യാമറാമാൻ നിഥിൻ, ജൻമഭൂമി സീനിയർ ഫൊട്ടോഗ്രഫർ അനിൽ ഗോപി എന്നിവർക്കാണ് മ്യൂസിയം പൊലീസ് നോട്ടിസ് നൽകിയത്.
ഇവർ മൂന്നു പേരും നാളെ രാവിലെ 11 ന് അകം ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വണ്ടിപ്പെരിയാർ കേസിലെ പ്രതിയെ കോടതി വിട്ടയച്ചതിൽ പ്രതിഷേധിച്ചാണ് അഞ്ച് മഹിളാമോർച്ച പ്രവർത്തകർ ഡിജിപിയുടെ വീട്ടിൽ അതിക്രമിച്ചു കയറി സമരം നടത്തിയത്. സമരം നടത്തിയവർക്കും പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ മൊബൈൽ ഫോണുമായി എത്തിയ കണ്ടാലറിയാവുന്നവർക്കും എതിരെ പൊലീസ് കേസ് എടുത്തിരുന്നു. പ്രതിഷേധക്കാർക്ക് ഗേറ്റ് തുറന്നു നൽകിയത് തെറ്റായ നടപടിയാണെന്ന് വിലയിരുത്തി 3 പൊലീസുകാരെ സസ്പെൻഡും ചെയ്തു. ഇതിനു പിന്നാലെയാണ് മാധ്യമപ്രവർത്തകർക്ക് നോട്ടിസ് നൽകിയത്. കണ്ടാലറിയാവുന്ന ഒരു കൂട്ടം പേർ എന്നായിരുന്നു മാധ്യമപ്രവർത്തകരെക്കുറിച്ച് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നത്. ഡിജിപിയുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറിയതിനാണ് മ്യൂസിയം എസ്ഐയുടെ റിപ്പോർട്ട് പ്രകാരം കേസെടുത്തത്. തെളിവുകൾ നശിപ്പിക്കാൻ പാടില്ലെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും മാധ്യമപ്രവർത്തകർക്കു നൽകിയ നോട്ടിസിൽ ഉണ്ട്.
നവകേരള സദസ്സിന്റെ യാത്രയ്ക്കിടെ മുഖ്യമന്ത്രി സഞ്ചരിച്ച ബസിനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷൂ എറിഞ്ഞത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്കെതിരെയും കേസെടുത്തിരുന്നു. പൊലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തു. ഇതിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മൂന്ന് മാധ്യമപ്രവർത്തകർക്കു കൂടി പൊലീസ് നോട്ടിസ് നൽകിയത്.
ഒരാഴ്ച മുൻപ് വിമാനത്താവളത്തിലേക്കുള്ള ഗവർണറുടെ വാഹനം എസ്എഫ്ഐക്കാർ തടഞ്ഞ ദിവസം ഗവർണറുടെ യാത്രാ റൂട്ട് ചോർത്തി നൽകിയതായി ഇന്റലിജൻസ് റിപ്പോർട്ട് ചെയ്ത, ഇതിനു കാരണക്കാരനായ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ നേതാവിനെതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.