ആരോഗ്യ പ്രവർത്തകരെ കായികമായി നേരിടുന്നത് അപലപനീയം: വി.മുരളീധരൻ
Mail This Article
തിരുവനന്തപുരം ∙ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ കായികമായി നേരിടുന്നതിനെ ന്യായീകരിക്കാനാവില്ലെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. മറിച്ച്, ചില സാഹചര്യങ്ങളിൽ ഡോക്ടർമാർ സ്വയം വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഎംഎ ദേശീയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡോക്ടർമാരുടെ കൈകളിലാണു ഭാവി തലമുറയുള്ളത്. ജനങ്ങളുടെ വിശ്വാസം കാത്തു സൂക്ഷിക്കണം. സ്ത്രീധന പീഡനം, ലഹരിക്കേസുകൾ എന്നിവയ്ക്കെതിരെ ഡോക്ടർമാർ ശക്തമായ രീതിയിൽ പ്രതികരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ശശി തരൂർ എംപി ദേശീയ ഹെൽത്ത് മാനിഫെസ്റ്റോയും എൻ.കെ.പ്രേമചന്ദ്രൻ എംപി സുവനീറും പ്രകാശനം ചെയ്തു. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ.ജി.എസ്.വിജയകൃഷ്ണൻ, ഡോ.ശ്രീജിത് എൻ.കുമാർ, ഡോ.സുൽഫി എൻ. നൂഹു എന്നിവർ പ്രസംഗിച്ചു.
ഡോ. ആർ.വി. അശോകൻ ഐഎംഎ ദേശീയ പ്രസിഡന്റായി ചുമതലയേറ്റു
തിരുവനന്തപുരം ∙ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ പ്രസിഡന്റായി മലയാളിയായ ഡോ. ആർ.വി.അശോകനും ജനറൽ സെക്രട്ടറിയായി ഗുജറാത്ത് സ്വദേശി ഡോ.അനിൽകുമാർ നായകും ചുമതലയേറ്റു. മറ്റു ഭാരവാഹികൾ: ഡോ. ഗുണശേഖരൻ, ഡോ.ശിവകുമാർ ഉത്തരെ, ഡോ.സുരേഷ് ഗുട്ട, ഡോ.അശോക് ഷർദ (വൈസ് പ്രസിഡന്റ്), ഡോ.മുനീഷ് പ്രഭാകർ, ഡോ.പ്രകാശ് ലാൽ ചന്ദാനി, ഡോ.വെങ്കടാചലപതി, ഡോ. പ്രദീപ് കുമാർ നിമാനി (ജോയിന്റ് സെക്രട്ടറി), ഡോ. ഷിദിജ് ബാലി (ഫിനാൻസ് സെക്രട്ടറി). ഐഎംഎയുടെ ദേശീയ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി പദവികൾ വഹിച്ചതിനു ശേഷമാണ് ഡോ.അശോകൻ ദേശീയ പ്രസിഡന്റാകുന്നത്.