ADVERTISEMENT

തിരുവനന്തപുരം ∙ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള ചർച്ച കെപിസിസി നിർവാഹക സമിതി യോഗത്തിൽ വിലക്കി എഐസിസി. രണ്ടു വർഷത്തിനുശേഷം പാർട്ടി നേതൃയോഗത്തിൽ പങ്കെടുത്ത മുൻ പ്രസിഡന്റ് വി.എം.സുധീരൻ തുടങ്ങിവച്ച ചർച്ച കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയാണു വിലക്കിയത്. ക്ഷണിച്ചതു പാർട്ടിയെയല്ല, നേതാക്കളെയാണെന്നും ഉചിതമായ സമയത്തു തീരുമാനമെടുക്കുമെന്നും അവർ കർശനമായി വ്യക്തമാക്കി. പറഞ്ഞതിൽ വിശദീകരണവുമായി എഴുന്നേറ്റ വി.എം.സുധീരനോട് ഇരിക്കാനും ആവശ്യപ്പെട്ടു. തന്റെ പ്രസംഗം തീർന്നപാടെ സുധീരൻ യോഗം വിട്ടിറങ്ങി.

കേരളത്തിന്റെ ചുമതലയേറ്റശേഷം ആദ്യമായി ദീപ ദാസ്മുൻഷി പങ്കെടുത്ത നേതൃയോഗത്തിൽ നാടകീയ രംഗങ്ങളാണുണ്ടായത്. കെ.സുധാകരനും വി.ഡി.സതീശനും നേതൃസ്ഥാനത്തെത്തിയ ശേഷം നേതൃത്വവുമായി അകലം പാലിക്കുന്ന വി.എം.സുധീരൻ അപ്രതീക്ഷിതമായി യോഗത്തിനെത്തി.

എ.കെ.ആന്റണി ഉൾപ്പെടെയുള്ള നേതാക്കൾ എഴുന്നേറ്റുനിന്നു സുധീരനെ സ്വീകരിച്ചെങ്കിലും ചിലതു പറയാനുറപ്പിച്ചായിരുന്നു സുധീരന്റെ വരവ്. പാർട്ടിക്കു കേരളത്തിൽ ഇപ്പോൾ രണ്ടല്ല, അഞ്ചു ഗ്രൂപ്പാണെന്നു പറഞ്ഞുള്ള വിമർശനമായിരുന്നു ആദ്യം. 2016ലെ തിരഞ്ഞെടുപ്പു പരാജയത്തിനു കാരണം പാർട്ടിയുടെ നയവ്യതിയാനവും സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയുമാണെന്നു ചൂണ്ടിക്കാട്ടിയ സുധീരൻ അന്നു താൻ സോണിയ ഗാന്ധിക്ക് അയച്ച കത്ത് യോഗത്തിൽ വായിച്ചു. ഇതിനു ശേഷമാണ് അയോധ്യാ വിഷയത്തിലേക്കു കടന്നത്.

കോൺഗ്രസ് പ്രതിനിധി പങ്കെടുക്കില്ലെന്ന് കെപിസിസി നിർവാഹക സമിതി തീരുമാനമെടുത്ത് ഹൈക്കമാൻഡിനെ അറിയിക്കണമെന്നു സുധീരൻ ആവശ്യപ്പെട്ടു. അയോധ്യ വിഷയത്തിൽ പാർട്ടിയുടെ നിലപാടിൽ വ്യക്തത വേണമെന്നും ആശയക്കുഴപ്പം വ്യാപിക്കുന്നതിനു മുൻപു നിലപാട് പ്രവർത്തകരെ അറിയിക്കണമെന്നും പിന്നാലെ സംസാരിച്ച ആര്യാടൻ ഷൗക്കത്ത് ആവശ്യപ്പെട്ടു.

കെ.മുരളീധരൻ എംപിയും അയോധ്യാ വിഷയത്തിൽ ചർച്ച കേന്ദ്രീകരിച്ചതോടെയാണു ദീപ ദാസ്മുൻഷി ഇടപെട്ടത്. ഇക്കാര്യത്തിലുള്ള അതൃപ്തി പിന്നീട് വാർത്താ സമ്മേളനത്തിലും ദീപ ദാസ്മുൻഷി പ്രകടിപ്പിച്ചു. കെപിസിസി നേതൃത്വത്തിനെതിരെ യോഗത്തിൽ സുധീരൻ നടത്തിയ വിമർശനങ്ങളോടു പുറത്തു രൂക്ഷമായ ഭാഷയിലാണു കെ.സുധാകരൻ പ്രതികരിച്ചത്. കെപിസിസി പ്രസിഡന്റായപ്പോൾ സുധീരനെ വീട്ടിൽപോയി കണ്ടിരുന്നെന്നും സഹകരിക്കാനില്ലെന്നു പറഞ്ഞയാൾ ഇപ്പോഴാണു കയറി വരുന്നതെന്നുമായിരുന്നു പ്രതികരണം. 

യഥാർഥ പ്രതിപക്ഷം ഇപ്പോൾ യൂത്ത് കോൺഗ്രസ്: കെ.സി.ജോസഫ്

യഥാർഥ പ്രതിപക്ഷം ഇപ്പോൾ യൂത്ത് കോൺഗ്രസാണെന്ന പരാമർശവുമായി കെപിസിസി നിർവാഹക സമിതി യോഗത്തിൽ കെ.സി.ജോസഫ്. കല്യാശേരി മുതൽ തിരുവനന്തപുരം വരെ തല്ലുകൊണ്ട യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ ഉൾപ്പെടെ പ്രകടിപ്പിച്ച പോരാട്ടവീര്യം കോൺഗ്രസിനു പുതിയ ഉണർവുണ്ടാക്കി.

താഴെത്തട്ടിലെ പാർട്ടി പുനഃസംഘടന പ്രവർത്തകരുടെ മനസ്സിൽ മുറിവുണ്ടാക്കിയെന്നും, തള്ളിക്കളഞ്ഞല്ല എല്ലാവരെയും ഉൾക്കൊണ്ടാണു പോകേണ്ടതെന്നും കെ.സി.ജോസഫ് പറഞ്ഞു. തന്റെ ലോക്സഭാ മണ്ഡലത്തിലെ പുനഃസംഘടനയിൽ അതൃപ്തി അറിയിച്ച കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി, മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടു. പരിഹാരമുണ്ടാക്കാമെന്നു കെ.സുധാകരൻ ഉറപ്പു നൽകി. ബെന്നി ബഹനാൻ എംപിയും പുനഃസംഘടനയിലെ പരാതി ഉന്നയിച്ചു. 

യോഗത്തിനു മുൻപായി ദീപ ദാസ്മുൻഷിയെ ഹോട്ടലിൽ സന്ദർശിച്ചും നേതാക്കൾ പരാതികളും നിർദേശങ്ങളും അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എ.കെ.ആന്റണി, ഡോ.ശശി തരൂർ എംപി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. 

അഭിപ്രായം സിപിഐയുടെതു മാത്രം

‘രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന അഭിപ്രായം സിപിഐയുടെതു മാത്രമാണ്. കോൺഗ്രസിന്റെ സീറ്റിൽ ആര് മത്സരിക്കണമെന്നു കോൺഗ്രസാണു തീരുമാനിക്കുന്നത്. സംസ്ഥാനങ്ങളിലെ സാഹചര്യം വ്യത്യസ്തമാണ്. ഈ യാഥാർഥ്യം കൂടി ഉൾക്കൊണ്ട് ‘ഇന്ത്യ’ മുന്നണി മുന്നോട്ടുപോകും.’ – ദീപ ദാസ്മുൻഷി

English Summary:

AICC bans KPCC Ayodhya discussion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com