ADVERTISEMENT

തിരുവനന്തപുരം ∙ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംയുക്തമായി നയിക്കുന്ന 'സമരാഗ്‌നി' എന്ന പേരിലുള്ള സംസ്ഥാനതല ജാഥ ജനുവരി 21നു കാസർകോട്ട് ആരംഭിക്കും. ഫെബ്രുവരി അവസാനം തിരുവനന്തപുരത്തു സമാപിക്കും. ഇന്നലെ ചേർന്ന കെപിസിസി നിർവാഹക സമിതിയോഗം ജാഥയുടെ ഒരുക്കങ്ങൾ വിലയിരുത്തി.

140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. ജാഥയുടെ ക്രമീകരണങ്ങൾക്കായി ജനുവരി 3,4,5 തീയതികളിൽ ജില്ലാതല നേതൃയോഗങ്ങൾ സംഘടിപ്പിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 20 വാർ റൂമുകൾ ലോക്സഭാ മണ്ഡലാടിസ്ഥാനത്തിൽ തുറക്കും. കെപിസിസിയിൽ കേന്ദ്ര വാർ റൂമും പ്രവർത്തിക്കും.

ഏഴിനു വണ്ടിപ്പെരിയാറിൽ 'മകളേ മാപ്പ്' എന്ന പേരിൽ 5000 വനിതകൾ പങ്കെടുക്കുന്ന ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറു വയസ്സുകാരിയുടെ കുടുംബത്തിന് നീതിയും പ്രതിക്കു ശിക്ഷയും ഉറപ്പാക്കുക എന്നതാണു പ്രധാന ആവശ്യം. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയും പങ്കെടുക്കും.

ഭൂപതിവ് നിയമഭേദഗതി നടപ്പാക്കണമെന്നു യോഗം ആവശ്യപ്പെട്ടു. സർക്കാരിന്റെ യഥാർഥ സാമ്പത്തിക സ്ഥിതി ജനങ്ങളെ അറിയിക്കാൻ ധവളപത്രമിറക്കണം. നവകേരള സദസ്സുമായി ബന്ധപ്പെട്ട് കേസിൽ പ്രതികളായ പ്രവർത്തകർക്കു നിയമസഹായം നൽകാൻ അഭിഭാഷക സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചു. എഐസിസിയുടെ ധനശേഖരണത്തിനുള്ള പദ്ധതിയിൽ എല്ലാവരും പങ്കാളികളാകണമെന്നു യോഗം അഭ്യർഥിച്ചു. കോൺഗ്രസിന്റെ 138-ാം സ്ഥാപക വാർഷികത്തോടനുബന്ധിച്ച് 138 രൂപയോ ഗുണിതങ്ങളോ സംഭാവന നൽകാം. www.inc.in, donateinc.in എന്നീ സൈറ്റുകളിൽ ലിങ്ക് ലഭ്യമാണ്.

സുധാകരൻ പകരം ചുമതല നൽകിയില്ല

വിദഗ്ധ വൈദ്യപരിശോധനയ്ക്ക് ഇന്നു യുഎസിലേക്കു തിരിക്കുന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആർക്കും പകരം ചുമതല നൽകിയില്ല. തന്റെ അഭാവത്തിൽ കെപിസിസി ഭാരവാഹികൾ കൂട്ടായി ചുമതല നിർവഹിക്കുമെന്നു സുധാകരൻ പറഞ്ഞു. വേണ്ടിവന്നാൽ ഓൺലൈൻ യോഗത്തിലൂടെ തനിക്കു കാര്യങ്ങൾ നിർവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

KPCC state march Samaragni from january 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com