ആഗോള മലയാളി; എം.എ. യൂസഫലിയുടെ പ്രവാസജീവിതത്തിന് അരനൂറ്റാണ്ട്
Mail This Article
ദുബായ് ∙ മലയാളികൾക്കും പ്രവാസത്തിനുമിടയിൽ എം.എ.യൂസഫലി എന്ന പാലമുയർന്നിട്ട് ഇന്ന് 50 വർഷം. ബോംബെയിൽനിന്നു കപ്പൽ കയറിയ 19 വയസ്സുകാരൻ 6 ദിവസത്തിനുശേഷം 1973 ഡിസംബർ 31നാണ് ദുബായ് റാഷിദ് തുറമുഖത്തു വന്നിറങ്ങിയത്.
ബോംബെ തുറമുഖത്തുനിന്ന് എമിഗ്രേഷൻ സ്റ്റാംപ് പതിപ്പിച്ച ആദ്യ പാസ്പോർട്ട് ഇന്നും നിധിപോലെ യൂസഫലിയുടെ കൈകളിലുണ്ട്. 50 വർഷത്തിനിടെ 42 തവണ പാസ്പോർട്ട് പുതുക്കി. ആദ്യ പാസ്പോർട്ട് കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കാണിച്ചപ്പോൾ, ‘താങ്കൾ ഈ രാജ്യത്തിനു ലഭിച്ച നിധിയാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രവാസത്തിന്റെ 50–ാം വാർഷികത്തിൽ എം.എ.യൂസഫലി മനസ്സു തുറക്കുന്നു
യൂസഫലി ഒരു രാജ്യത്ത് ലുലു തുടങ്ങിയാൽ, അതിനൊപ്പം ആ രാജ്യത്തിന്റെ ഭരണകൂടവുമായി ഒരു നയതന്ത്ര ബന്ധവും രൂപപ്പെടും. കച്ചവടത്തിനപ്പുറം സാമൂഹിക ബന്ധങ്ങളിലേക്കു പോകുന്നതിന്റെ കാരണമെന്താണ്?
നമ്മൾ ഒരു രാജ്യത്തു സ്ഥാപനവുമായി ചെല്ലുമ്പോൾ അവിടത്തെ ഭരണാധികാരികളുമായി ബന്ധമുണ്ടാകണം. അല്ലെങ്കിൽ അവർ നമ്മുടെ പിന്നാമ്പുറം ചികയും. എന്തിനാണു വരുന്നത്? എവിടെ നിന്നാണു പണം? അങ്ങനെ പലതും അന്വേഷിക്കും. അതു നമുക്കു മുന്നിൽ തടസ്സങ്ങളുടെ പലതരം മതിലുകൾ പണിയും.
എന്നാൽ, അവിടത്തെ ഭരണ നേതൃത്വത്തിനു മുന്നിൽ ആദ്യമേ നമ്മളെ വെളിപ്പെടുത്തിക്കഴിഞ്ഞാൽ അത്തരം പ്രശ്നങ്ങൾ വരില്ല. ലോകം മുഴുവൻ സ്ഥാപനങ്ങൾ തുടങ്ങി. പക്ഷേ, ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടി വന്നത് നമ്മുടെ കേരളത്തിലാണ്.
പണമുണ്ടാക്കിക്കഴിഞ്ഞാൽ വെറുതേ ഇരിക്കണമെന്നാണു ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നത്. യൂസഫലി ഇപ്പോഴും ജോലി ചെയ്തു കൊണ്ടിരിക്കുന്നു.?
ഞാൻ വെറുതേ ഇരുന്നാൽ 70,000 ജീവനക്കാർക്ക് ആരു ശമ്പളം നൽകും ? നാളെ ചെയ്യേണ്ടതു തീരുമാനിച്ചുറപ്പിച്ചാണ് ഓരോ ദിവസവും ഓഫിസിൽനിന്നു മടങ്ങുക. ആരോഗ്യമുള്ള കാലത്തോളം റിട്ടയർ ചെയ്യില്ല.