ADVERTISEMENT

14 വർഷത്തിനിടെ 6 കൊലപാതകങ്ങൾ. വീട്ടിലെ അധികാരം പിടിച്ചെടുക്കാൻ ആദ്യം ഭർതൃമാതാവിനെ, സ്വത്തിനായി ഭർതൃപിതാവിനെ, സ്വപ്നജീവിതത്തിനു തടസ്സമായപ്പോൾ ഭർത്താവിനെ... ഈ മരണങ്ങളിൽ സംശയം പ്രകടിപ്പിച്ച അമ്മാവനെ, ആഗ്രഹിച്ച പുരുഷനെ സ്വന്തമാക്കാൻ അദ്ദേഹത്തിന്റെ ഭാര്യയെ, അവരുടെ രണ്ടു വയസ്സുള്ള കുഞ്ഞിനെ...

പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ള ഒരു വീട്ടമ്മ എൻഐടി പ്രഫസറായി വേഷം കെട്ടിയെന്നും ബന്ധുക്കളെ കൊലപ്പെടുത്തിയെന്നും കേരളം വല്ലാത്ത അമ്പരപ്പോടെയാണു കേട്ടത്. രാജ്യത്തുതന്നെ അപൂർവമെന്നു വിലയിരുത്തപ്പെട്ട കൂടത്തായി കേസുകളുടെ ഇപ്പോഴത്തെ സ്ഥിതിയെന്ത്?

കോഴിക്കോട് ജില്ലയിൽ കൂടത്തായിയിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിഞ്ഞിട്ടു നാലു വർഷം കഴിഞ്ഞു. 2002 മുതൽ 2016 വരെ ഒരേ കുടുംബത്തിലുണ്ടായ ആറു പേരുടെ മരണവും കൊലപാതകം എന്നു ലോകം കേട്ടത് 2019 ഒക്ടോബർ 4ന്. റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട.അധ്യാപിക അന്നമ്മ തോമസ് (60), മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയിൽ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകൾ ആൽഫൈൻ (2) എന്നിവർ കൊല്ലപ്പെട്ടെന്നാണു കേസ്. മരണങ്ങളിൽ സംശയം പ്രകടിപ്പിച്ചു ടോം തോമസിന്റെ മകൻ റോജോ തോമസ് നൽകിയ പരാതിയിൽ അന്നത്തെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണാണ് അന്വേഷണത്തിനു തുടക്കമിട്ടത്.

മരണങ്ങൾ കൊലപാതകങ്ങളാണെന്നു കണ്ടെത്തിയതോടെ 2 ഇടവകകളിലെ 3 കല്ലറകളിലായി അടക്കിയ 6 മൃതദേഹങ്ങളുടെ ഭാഗങ്ങൾ പൊലീസ് പുറത്തെടുത്തു പരിശോധനയ്ക്കയച്ചു. മുഖ്യപ്രതിയും കൊല്ലപ്പെട്ട റോയ് തോമസിന്റെ ഭാര്യയുമായിരുന്ന ജോളി ജോസഫ്, ഇവർക്കു സയനൈഡ് എത്തിച്ചു നൽകിയെന്നതിനു ബന്ധു കക്കാട്ട് മഞ്ചാടിയിൽ എം.എസ്.മാത്യു, സയനൈഡ് നൽകിയെന്നതിനു സ്വർണപ്പണിക്കാരൻ പ്രജികുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. റോയിയുടെ അമ്മയെ ആട്ടിൻ സൂപ്പിൽ കീടനാശിനി കലക്കിക്കൊടുത്തും മറ്റുള്ളവരെ ഭക്ഷണത്തിലും വെള്ളത്തിലും സയനൈഡ് കലക്കിക്കൊടുത്തുമാണു കൊലപ്പെടുത്തിയതെന്നു ജോളിയുടെ കുറ്റസമ്മതമുണ്ടായി. ജോളി ജോസഫ്, എം.എസ്.മാത്യു എന്നിവർ കോഴിക്കോട് ജില്ലാ ജയിലിൽ വിചാരണത്തടവിലാണിപ്പോൾ. മൂന്നാം പ്രതി പ്രജികുമാറിനു ജാമ്യം ലഭിച്ചു.

രാജ്യാന്തര ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്ന ‘കറി ആൻഡ് ദ് സയനൈഡ്’ എന്ന ഡോക്യുമെന്ററി ഒരാഴ്ച കൊണ്ടു 17 ലക്ഷത്തോളം പേർ കണ്ടതോടെ ജോളി വീണ്ടും വാർത്തകളിൽ നിറയുന്നു.

2023 മാർച്ച് 6 മുതൽ മാറാട് സ്പെഷൽ അഡീഷനൽ കോടതിയിൽ കേസിന്റെ വിചാരണ നടക്കുകയാണ്. റോയ് തോമസിന്റെ കൊലക്കേസിലാണ് നിലവിൽ വിചാരണ. ആകെ 270 സാക്ഷികൾ. 235 രേഖകളും 23 വസ്തുക്കളും ഹാജരാക്കി. തുടർന്ന് സിലി വധക്കേസാവും പരിഗണിക്കുക. ഓരോ കേസിനും ഒരു വർഷം വീതമെടുത്താൽ 6 കേസുകളുടെ വിചാരണ തീരാൻ 6 വർഷം വേണ്ടിവരും.

റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. സയനൈഡ് ഉള്ളിൽ ചെന്നതാണു മരണകാരണമെന്നു കണ്ടെത്തി. മറ്റ് 5 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ 2020 ജനുവരിയിൽ പരിശോധിച്ചെങ്കിലും സിലിയുടെ മൃതദേഹ സാംപിളിൽ മാത്രമാണു സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. കൂടിയ അളവിൽ സയനൈഡ് ഉപയോഗിച്ചത് ഈ കൊലപാതകത്തിലാണെന്നു പൊലീസ് കരുതുന്നു. മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം മൂലമാണു മറ്റുള്ളവരിൽ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യം കണ്ടെത്താൻ കഴിയാത്തതെന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടിയത്.

ഇതിനിടെ ജോളി ജോസഫിനെതിരെ രണ്ടാം ഭർത്താവ് ഷാജു സ്കറിയ കോഴിക്കോട് വിവാഹമോചന ഹർജി നൽകിയിട്ടുണ്ട്. ഭർതൃമാതാവിനെ കൊന്ന കേസിൽ ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും സുപ്രീംകോടതി റദ്ദാക്കി. സിപിഎം കട്ടാങ്ങൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ കുമാർ, നോട്ടറി സി.വിജയകുമാർ എന്നീ സാക്ഷികൾ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. ജോളി ജോസഫ് ഭർതൃപിതാവ് ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാൻ തയാറാക്കിയ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയത് വിജയകുമാറാണെന്നാണു പൊലീസിന്റെ കണ്ടെത്തൽ.

English Summary:

Mysterious deaths of 6 relatives, incident that shocked Kerala - Koodathayi serial murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com