‘മൊഴിയെടുത്തത് എട്ടാം ദിവസം; എന്നെ ക്രൂശിക്കാൻ ഒരു വിഭാഗം ശ്രമിച്ചു’: പൊലീസിനു വീഴ്ച സംഭവിച്ചെന്ന് ജെസ്നയുടെ പിതാവ്
Mail This Article
വെച്ചൂച്ചിറ (പത്തനംതിട്ട) ∙ തുടക്കത്തിൽ പൊലീസ് കാട്ടിയ വീഴ്ചയാണു ജെസ്ന ഇന്നും കാണാമറയത്തു നിൽക്കാനിടയാക്കിയതെന്നു പിതാവ് കൊല്ലമുള കുന്നത്ത് ജയിംസ് ജോസഫ്. പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായി. കേസ് അവസാനിപ്പിച്ചു സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയതു സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2018 മാർച്ച് 22നാണു ജെസ്നയെ കാണാതായത്. അടുത്ത ദിവസം എരുമേലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വെച്ചൂച്ചിറ സ്റ്റേഷനിൽ പരാതി കൊടുക്കാനായിരുന്നു നിർദേശം. വെച്ചൂച്ചിറ സ്റ്റേഷനിൽ പരാതി കൊടുത്തതിന്റെ എട്ടാം ദിവസമാണു പൊലീസ് അന്വേഷണത്തിനു വീട്ടിലെത്തിയതും മൊഴിയെടുത്തതും. അന്ന് എംഎൽഎയായിരുന്ന രാജു ഏബ്രഹാം ഇടപെട്ട ശേഷമാണു പൊലീസ് ഉണർന്നത്.
തുടക്കത്തിൽ കേരളത്തിനകത്തും പുറത്തുമെല്ലാം ബന്ധുക്കളുമൊത്തു കാറിൽ പോയി സ്വയം അന്വേഷണം നടത്തി. ഇതിനിടെ തന്നെ ക്രൂശിക്കാനും ഒരു വിഭാഗം ശ്രമിച്ചു. അതിനെ പ്രതിരോധിക്കുന്നതിനൊപ്പം അന്വേഷണവുമായി മുന്നോട്ടുപോകാനും വളരെ കഷ്ടപ്പെട്ടു. സംശയ നിഴലിൽനിന്നു മോചനം ലഭിക്കാനാണു സ്വയം നുണപരിശോധനയ്ക്കു വിധേയനായത്. സംശയമുള്ള ചില കാര്യങ്ങൾ സിബിഐയോടു പറഞ്ഞിട്ടുണ്ട്. അവർ അന്വേഷിക്കട്ടെയെന്നും ജയിംസ് പറഞ്ഞു.
ഇന്റർപോൾ മുഖേന 191 രാജ്യങ്ങളിൽ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. എവിടെ നിന്നെങ്കിലും വിവരം കിട്ടിയാൽ സിബിഐ തുടർന്നും അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. താനുമായി ബന്ധമുള്ളവരെയെല്ലാം മാനസികമായി ബുദ്ധിമുട്ടിക്കുന്ന സമീപനമാണു പൊലീസ് സ്വീകരിച്ചത്. സഹോദരിമാരും മറ്റും അതിൽനിന്ന് ഇപ്പോഴും മുക്തരായിട്ടില്ല. അവരെ പഴയ മാനസികാവസ്ഥയിൽ എത്തിക്കാൻ ഒപ്പം പോയി നിൽക്കേണ്ട സാഹചര്യമുണ്ടായി. മകളുടെ തിരോധാനത്തിൽ വേദനയിൽ കഴിയുന്ന തന്നെ ഓഫിസിലെത്തി ഭീഷണിപ്പെടുത്താൻ വരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുക്കൂട്ടുതറ ജംക്‌ഷനു സമീപം ജെജെ കൺസ്ട്രക്‌ഷൻ എന്ന സ്ഥാപനം നടത്തുകയാണു ജയിംസ് ജോസഫ്. ജെസ്നയുടെ സഹോദരൻ കാനഡയിൽ പഠിക്കുകയാണ്. ജെസ്നയുടെ സഹോദരിയും ഭർത്താവുമാണു ജയിംസിനൊപ്പം വീട്ടിലുള്ളത്.
കേസ് സിബിഐ അവസാനിപ്പിച്ചെന്നത് സാങ്കേതികത്വം: ടോമിൻ തച്ചങ്കരി
തൊടുപുഴ ∙ ജെസ്ന തിരോധാനക്കേസിൽ ഇപ്പോഴും ശുഭപ്രതീക്ഷയാണെന്നു മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി. കേസിൽ സിബിഐയെ കുറ്റം പറയാനാകില്ലെന്നും മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ അദ്ദേഹം പറഞ്ഞു.
കേസ് അവസാനിപ്പിച്ചുവെന്നതു സാങ്കേതികത്വം മാത്രമാണ്. തന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായ ചില വിവരങ്ങൾ ലഭിച്ചിരുന്നു. കയ്യെത്തുംദൂരത്തു ജെസ്നയുണ്ടെന്ന നിലയിലേക്കു കാര്യങ്ങൾ എത്തിയെങ്കിലും കോവിഡ് വ്യാപനമുണ്ടായതു തിരിച്ചടിയായി. തങ്ങളുടെ ചില കണ്ടെത്തലുകൾ സിബിഐയെ അറിയിച്ചിരുന്നു. വൈകാതെ സിബിഐ അതിലേക്ക് എത്തുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസ് സിബിഐ പൂർണമായും ഒഴിവാക്കിയിട്ടില്ല: കെ.ജി.സൈമൺ
തൊടുപുഴ ∙ ജെസ്‌ന തിരോധാനവുമായി ബന്ധപ്പെട്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തെക്കുറിച്ചു സിബിഐക്ക് ആക്ഷേപമില്ലെന്നു മുൻ എസ്പിയും അന്വേഷണ ഉദ്യോഗസ്ഥനുമായ കെ.ജി.സൈമൺ.
കേസ് സിബിഐ പൂർണമായും ഒഴിവാക്കിയിട്ടില്ലെന്നാണു മനസ്സിലാകുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ശുഭവാർത്ത ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു. ഇപ്പോഴും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. സിബിഐ കൊടുത്ത തിരച്ചിൽ നോട്ടിസ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.