ADVERTISEMENT

കൊച്ചി ∙ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്കു വന്ന നയതന്ത്ര പാഴ്സൽ വഴി സ്വർണം കള്ളക്കടത്തു നടത്തിയെന്ന കേസിൽ വിചാരണ നടപടികൾ നീളുന്നു. കേസിൽ അന്വേഷണം നടത്തിയ 3 കേന്ദ്ര ഏജൻസികളും 2021 ൽ തന്നെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടു നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) ദേശീയ അന്വേഷണ ഏജൻസി 20 പ്രതികൾക്കെതിരെ 2021 ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിച്ചു.

കള്ളക്കടത്തു തടയൽ നിയമപ്രകാരം 29 പ്രതികൾക്കെതിരെ കസ്റ്റംസ് സമർപ്പിച്ച കുറ്റപത്രം സാമ്പത്തിക കുറ്റവിചാരണക്കോടതി 2022 മാർച്ചിൽ വിചാരണയ്ക്കു പരിഗണിച്ചെങ്കിലും തുടർ നടപടികൾ വീണ്ടും വൈകി. സ്വർണക്കടത്തിന്റെ ഭാഗമായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) 28 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. 3 ഘട്ടമായാണ് ഇ.ഡി. കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ എൻഐഎ സമർപ്പിച്ച യുഎപിഎ കുറ്റപത്രത്തിൽ ഒഴികെയുള്ളവയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പ്രതിയാണ്. 

കോൺസുലേറ്റിലെ ഉദ്യോഗസ്ഥരായിരുന്ന പി.എസ്.സരിത്ത്, സ്വപ്ന സുരേഷ്, ഇവരുടെ കൂട്ടാളിയും മറ്റു സ്വർണക്കടത്തു കേസുകളിലെ പ്രതിയുമായ സന്ദീപ് നായർ, കെ.ടി.റമീസ്, റെബിൻസ് എന്നിവരാണു മുഖ്യപ്രതികൾ. ഇതിൽ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി വിചാരണ തുടങ്ങാനാണ് എൻഐഎയുടെ നീക്കം. 3 കേസുകളിലും തുടരന്വേഷണം നടക്കുന്നതായി കേന്ദ്ര ഏജൻസികൾ പറഞ്ഞു. 

2019 നവംബർ മുതൽ 2020 ജൂൺ 30 വരെയാണു നയതന്ത്ര പാഴ്സൽ വഴി സ്വർണക്കടത്തു നടന്നത്. 21 തവണയായി 167 കിലോഗ്രാം സ്വർണം പ്രതികൾ കടത്തിയെന്നാണു കേസ്. ജൂൺ 30നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയ 30 കിലോഗ്രാം സ്വർണത്തിനു പുറമേ പ്രതികൾ കടത്തിയ 137 കിലോ സ്വർണത്തെ കുറിച്ച് ഇപ്പോഴും അന്വേഷണ ഏജൻസികൾക്കു വിവരമില്ല. 

കേസിൽ അന്വേഷണ ഏജൻസികൾ കുറ്റപത്രം സമർപ്പിച്ചതിനും ശേഷം മുഖ്യപ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ നിയമസാധുതയെ കുറിച്ചും അവ്യക്തത തുടരുകയാണ്. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ 2 ഉദ്യോഗസ്ഥരെയും കസ്റ്റംസ് പ്രതിചേർത്തെങ്കിലും ഇവരെ ചോദ്യംചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 

English Summary:

Trial proceedings in gold smuggling case are continuing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com