2018ലെ പ്രളയത്തിൽ രക്ഷയ്ക്കെത്തിയവരെ തേടി നാലു കുട്ടികൾ;‘രക്ഷകരുടെ പൂവാടിയിൽ’
Mail This Article
കൊല്ലം∙ തുഴപിടിച്ചു തഴമ്പിച്ച കരങ്ങൾ ചേർത്തു പിടിച്ചപ്പോൾ കുഞ്ഞു നാൽവർ സംഘത്തിന്റെ ഓർമകളിൽ മഹാപ്രളയം. ആ കരങ്ങൾ കോരിയെടുത്തതിനാലാണ് ഇപ്പോൾ തങ്ങൾ ജീവനോടെയുള്ളതെന്നു നിറഞ്ഞ കണ്ണുകളോടെ രാഹുൽ പറയുമ്പോൾ കണ്ടുനിന്നവരുടെ കണ്ണു കലങ്ങി. മുങ്ങിത്താഴ്ന്നപ്പോൾ രക്ഷകരായെത്തിയവരുടെ മുഖങ്ങൾ തേടിയാണ് ആലപ്പുഴ മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ എസ്.സുജിത്ത്, ആർ.രാഹുൽ, മുഹമ്മദ് സഫ്വാൻ, സുജീന്ദ്രനാഥ് എന്നിവർ കൊല്ലം വാടി കടപ്പുറത്തെത്തിയത്. 2018ലെ പ്രളയദുരിതം കൂടുതൽ അനുഭവിച്ച സ്ഥലങ്ങളിലൊന്നാണു മാന്നാർ.
‘‘ഒരു പകൽ മഴ പെയ്തതു മാത്രമാണ് ഓർമ, സ്കൂളിൽ പോകേണ്ടെന്ന സന്തോഷമായിരുന്നു, എന്നാൽ പെട്ടെന്നാണു പ്രളയമായത്. വെള്ളത്തിൽ മുങ്ങിക്കിടന്ന ഞങ്ങൾക്കു നേരെ ആരുടെയൊക്കെയോ കൈകൾ വന്നു, ആ സമയത്തു മുഖം മനസ്സിൽ പതിഞ്ഞില്ല, കൊല്ലത്തു നിന്നുള്ള മത്സ്യത്തൊഴിലാളികളാണെന്നു മാത്രം ഓർമയുണ്ട്’’– സുജിത്ത് പറഞ്ഞു. പിന്നീടു തിരക്കിയപ്പോഴാണു കൊല്ലം വാടി കടപ്പുറത്തു നിന്നുള്ളവരാണ് ഇവരുടെ വീടുകൾക്കു സമീപം രക്ഷാപ്രവർത്തനം നടത്തിയതെന്ന് അറിയുന്നത്. ജീവൻ രക്ഷിച്ച ആ കരങ്ങൾ ഒരിക്കൽ കൂടി ചേർത്തു പിടിക്കണമെന്നു കരുതിയ കൂട്ടുകാർക്കു ലഭിച്ച അവസരമാണു സംസ്ഥാന സ്കൂൾ കലോത്സവം. ഹയർ സെക്കൻഡറി ഭാഗം പൂരക്കളി മത്സരത്തിനുള്ള ടീമംഗങ്ങളാണു നാലു പേരും.
വാടി കടപ്പുറത്തെത്തിയ ഇവർ മത്സ്യത്തൊഴിലാളികളായ മോസി ബെനഡിക്ട്, ബിജു സെബാസ്റ്റ്യൻ, ഷിബു ഗിൽബർട്ട്, ബെൻസിർ, സിറിയക് ജോയ്സ്, ബിനു ക്ലീറ്റസ് എന്നിവരെ കണ്ടു സംസാരിച്ചു. ആലപ്പുഴയിലെ ചെങ്ങന്നൂർ, മാന്നാർ, പാണ്ടനാട് എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിനു പോയിട്ടുണ്ടെന്നു ബിജു പറഞ്ഞു. കുട്ടികൾ കാണാനെത്തിയതിന്റെ സന്തോഷം അവർ മറച്ചുവച്ചില്ല.