ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാരിന്റെ നയങ്ങളോടു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിയോജിപ്പ് പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ ഇത്തരം വിഷയങ്ങളിൽ അദ്ദേഹം സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങേണ്ട നിയമസഭാ സമ്മേളനം 25ന് വിളിക്കാനാണ് ആലോചന. മന്ത്രിസഭ അംഗീകരിക്കുന്ന പ്രസംഗമാണ് ഗവർണർ വായിക്കേണ്ടത്. എന്നാൽ ഈ പ്രസംഗത്തിൽ ഗവർണർക്കെതിരെ വരെ വിമർശനം  ഉണ്ടാകാമെന്നു രാജ്ഭവൻ കരുതുന്നുണ്ട്. ഗവർണർ ഉത്തരവാദിത്തം നിർവഹിക്കുന്നില്ലെന്ന നിലപാടിലാണ് സർക്കാർ.

ക്രമസമാധാന നില, സാമ്പത്തിക പ്രതിസന്ധി, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ ഗവർണർ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പിന്തുണയോടെയുള്ള അക്രമമാണ്  നടക്കുന്നതെന്നും  നിയമവാഴ്ച ഇല്ലാതായെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ക്രമസമാധാന നില ഭദ്രമാണെന്നു നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയാൽ അതിനെ മറികടക്കാനുള്ള നീക്കം ഗവർണറും നടത്തിയേക്കും. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു ലഭിച്ച പരാതിയിൽ ചീഫ് സെക്രട്ടറിയോടു ഗവർണർ വിശദീകരണം തേടിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിക്കു കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ഭാഗങ്ങൾ നയപ്രഖ്യാപനത്തിൽ ഉണ്ടാകാം. സർവകലാശാലകളുടെ ഭരണത്തിന്റെ പേരിൽ ഗവർണറും സർക്കാരും ഏറ്റുമുട്ടലിലാണ്. 

നയപ്രഖ്യാപനത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചാൽ ഉടൻ രാജ്ഭവനിൽ എത്തും. ഗവർണർക്ക് വിയോജിപ്പുള്ള ഭാഗങ്ങൾ അദ്ദേഹം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താറുണ്ട്. ഇതിൽ പലതും ഒഴിവാക്കുന്ന കീഴ്‌വഴക്കമാണ്  ഉള്ളത്. എന്നാൽ  നയപരമായ കാര്യങ്ങളോട് ഗവർണർ വിയോജിപ്പ് അറിയിച്ചാലും മാറ്റാൻ സാധിക്കില്ലെന്ന നിലപാടായിരിക്കും സർക്കാർ സ്വീകരിക്കുക. പ്രസംഗത്തിൽ ‘എന്റെ സർക്കാർ’ എന്നാണ് ഗവർണർ വിശേഷിപ്പിക്കേണ്ടത്. നയപ്രഖ്യാപനത്തിൽ ഗവർണർക്ക് ഇഷ്ടപ്പെടാത്ത  ഭാഗങ്ങൾ വായിക്കാതെ വിടാം. എന്നാൽ ഇതു വായിച്ചതായി കണക്കാക്കി നിയമസഭാ രേഖയിൽ ഉണ്ടാകും. വിയോജിപ്പുള്ള ഭാഗങ്ങൾ നിയമസഭയിൽ വായിക്കുന്നതിനു മുൻപ് അക്കാര്യം വ്യക്തമാക്കുന്ന രീതി മു‍ൻപ് ഉണ്ടായിട്ടുണ്ട്. സർക്കാരിന്റെ നിലപാട് ഇങ്ങനെയാണെങ്കിലും തന്റെ വിയോജിപ്പ് അദ്ദേഹത്തിനു വ്യക്തമാക്കാം. സഭാ രഖയിൽ സർക്കാർ അംഗീകരിച്ച നയപ്രഖ്യാപനമായിരിക്കും ഉണ്ടാകുക. 

English Summary:

Content of Governor Arif Mohammad Khan's policy declaration to be focus point

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com