മിമിക്രി പഠിപ്പിച്ചത് അമ്മ, ആദ്യ സംസ്ഥാന കലോത്സവത്തിൽ അഭയ്ജിത്തിന് എ ഗ്രേഡ്; ജിഷയ്ക്ക് ഇരട്ടിമധുരം!
Mail This Article
കൊല്ലം ∙ പ്രകൃതിയിലെ ഗംഭീര ശബ്ദങ്ങളുമായാണ് അഭയ്‌ജിത് മലപ്പുറത്തുനിന്നു കൊല്ലത്തെത്തിയത്. ആദ്യമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മിമിക്രിയിൽ പങ്കെടുത്ത മകനു വിധികർത്താക്കൾ എ ഗ്രേഡ് നൽകിയപ്പോൾ ഏറെ സന്തോഷിച്ചത് അമ്മ കെ.പി.ജിഷയാണ്. മകൻ അഭയ്‌ജിത്തിനു സമ്മാനം കിട്ടിയതിനൊപ്പം ജിഷയിലെ മിമിക്രി ഗുരുനാഥയ്ക്കു കൂടി കിട്ടിയ അംഗീകാരമാണിത്. മലപ്പുറം കക്കോവിലെ കുന്നിൻചെരുവിലുള്ള പിഎംഎസ്എ പൂക്കോയ തങ്ങൾ എച്ച്എസ്എസിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിയാണ് അഭയ്‍ജിത്.
‘‘ഞാൻ നാടകത്തിൽ അഭിനയിക്കാറുണ്ട്. മോനെയും കലാരംഗത്തു കൊണ്ടുവരണമെന്ന് ആഗ്രഹിച്ചു. കുട്ടിയായിരിക്കുമ്പോൾ തന്നെ മോൻ ശബ്ദങ്ങൾ അനുകരിക്കാറുണ്ട്. ഇതു ശ്രദ്ധിച്ച സ്കൂളിലെ അധ്യാപികയാണു മിമിക്രിയെക്കുറിച്ചു പറഞ്ഞത്. മുൻപരിചയമില്ലെങ്കിലും ഞാൻ മിമിക്രിയിൽ അവന്റെ ആദ്യ ഗുരുവായി. യുപി ക്ലാസുകളിലും ഹൈസ്കൂളിലും മിമിക്രിയിലും മോണോ ആക്ടിലും അഭയ് പങ്കെടുത്തിരുന്നു. ഇപ്പോൾ മിമിക്രിയിലാണു ശ്രദ്ധ. ഓരോ ശബ്ദങ്ങൾ പറഞ്ഞു കൊടുക്കുന്നതും മത്സരിക്കാനുള്ള സ്ക്രിപ്റ്റ് തയാറാക്കുന്നതും ഞാനാണ്.’’– മലപ്പുറം എടയ്ക്കാപറമ്പ് ജിഎൽപിഎസിലെ അധ്യാപികയായ ജിഷ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.
‘‘മോൻ കലോത്സവങ്ങളിൽ മത്സരിക്കുന്നതും സമ്മാനങ്ങൾ വാങ്ങുന്നതും സന്തോഷമാണ്. ജില്ലാതലത്തിൽ മിമിക്രിക്ക് എ ഗ്രേഡ് കിട്ടി സംസ്ഥാന തലത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അഭിമാനം തോന്നി. എല്ലാ ജില്ലയിൽനിന്നുമുള്ള മിടുക്കർ കൊല്ലത്തെത്തുമ്പോൾ, മകനു മുന്നിലെത്താൻ എന്റെ സ്ക്രിപ്റ്റ് പോരാതെ വരുമെന്ന് ആശങ്കയായി. അങ്ങനെയാണു സഹായിക്കാനായി ബിജേഷ് ചേളാരി, മധുലാൽ കൊയിലാണ്ടി എന്നിവരെ കണ്ടെത്തിയത്. ക്രിസ്മസ് അവധിക്കാലത്തായിരുന്നു പരിശീലനം. ചുരുങ്ങിയ ദിവസം കൊണ്ട് അഭയ് പഠിച്ചെടുത്തു. വേദിയിൽ മൈക്കിന്റെ ചെറിയ പ്രശ്നമുണ്ടായെങ്കിലും നന്നായി അവതരിപ്പിക്കാനായി. എ ഗ്രേഡ് കിട്ടിയപ്പോൾ ഞങ്ങൾ ഡബിൾ ഹാപ്പി’’– ജിഷ ചിരിച്ചുകൊണ്ടു പറഞ്ഞു.
മത്സരാർഥികളിൽ കൂടുതൽ പേരും ബീറ്റ് ബോക്സ് ശൈലി തുടർന്നപ്പോൾ പ്രകൃതിയിലെ ശബ്ദങ്ങളാണു താൻ തിരഞ്ഞെടുത്തതെന്ന് അഭയ്‌ജിത് ചൂണ്ടിക്കാട്ടി. ‘‘അമ്മയാണു മിമിക്രി പഠിപ്പിച്ചത്. സിനിമാ താരങ്ങളെയും രാഷ്ട്രീയ നേതാക്കളെയും അനുകരിക്കാറുണ്ട്. പ്രകൃതിയിൽ മനുഷ്യന്റെ ഇടപെടൽ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ 18 ശബ്ദങ്ങളിലൂടെ പറയാനാണു കൊല്ലത്തു ശ്രമിച്ചത്. കാണികൾ കയ്യടിച്ചപ്പോൾ സന്തോഷമായി’’– അഭയ് പറഞ്ഞു. കല്യാണ വീടുകളിലും മറ്റും മിമിക്രി പരിപാടികൾ ചെയ്യാറുള്ള അഭയ്‌ജിത്തിനു കലാരംഗത്തു തുടരണമെന്നാണ് ആഗ്രഹം. അച്ഛൻ ഒ.സതീഷ് ബാബു കൊളപ്പുറം ജിഎച്ച്എസിലെ ജീവനക്കാരനാണ്. മോഹിനിയാട്ടവും ഭരതനാട്യവും പരിശീലിക്കുന്ന എട്ടാം ക്ലാസുകാരി അമേയയാണു ട്രെൻഡിങ് മിമിക്രി ഇനങ്ങൾ ചേട്ടനു പരിചയപ്പെടുത്തുന്നത്.