ADVERTISEMENT

കൊല്ലം ∙ സൂനാമി തകർത്തെറിഞ്ഞ അച്ഛന്റെ സ്വപ്നം അതേ സ്ഥലത്ത് പ്രളയത്തിലൂടെ തിരികെപ്പിടിച്ച് മകൾ. 2004ൽ കൊല്ലത്തു നടന്ന സംസ്ഥാന കേരളോത്സവത്തിൽ മിമിക്രി മത്സരത്തിൽ പങ്കെടുക്കാൻ ട്രെയിനിറങ്ങും മുന്നേ കോഴിക്കോട്ടുകാരൻ ഷൈജുവിന് തിരികെപോകേണ്ടി വന്നു. സൂനാമി ആഞ്ഞടിച്ചതോടെ കേരളോത്സവം റദ്ദു ചെയ്തു. ഇതോടെ സംസ്ഥാന മത്സരം  ഷൈജുവിന് നഷ്ടമായി. അറിയപ്പെടുന്ന മിമിക്രി കലാകാരനും നടനുമാണ് ഇന്ന് ഷൈജു പേരാമ്പ്ര.

എച്ച്എസ്എസ് വിഭാഗം പെൺകുട്ടികളുടെ മിമിക്രി മത്സരത്തിന് ശേഷം റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ എ ഗ്രേഡ് ലഭിച്ച സന്തോഷമറിഞ്ഞ് തേജാലക്ഷ്മിയും അച്ഛൻ ഷൈജുവും.
എച്ച്എസ്എസ് വിഭാഗം പെൺകുട്ടികളുടെ മിമിക്രി മത്സരത്തിന് ശേഷം റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ എ ഗ്രേഡ് ലഭിച്ച സന്തോഷമറിഞ്ഞ് തേജാലക്ഷ്മിയും അച്ഛൻ ഷൈജുവും.

2004ൽ പൊലിഞ്ഞ സംസ്ഥാന വേദി എന്ന സ്വപ്നം ഇന്നലെ ഏകമകൾ തേജാലക്ഷ്മിയിലൂടെ ഷൈജു തിരികെപ്പിടിച്ചു. എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ മിമിക്രി മത്സരത്തിൽ പേരാമ്പ്ര എച്ച്എസ്എസിലെ എസ്.തേജാലക്ഷ്മിക്ക് എ ഗ്രേഡ് എന്ന അറിയിപ്പ് എത്തിയപ്പോൾ അവസാനിച്ചത് ഗുരുവും അച്ഛനുമായ ഷൈജു പേരാമ്പ്ര എന്ന മിമിക്രി കലാകാരന്റെ 19 വർഷത്തെ കാത്തിരിപ്പു കൂടിയാണ്. അമ്മ നിഷയും മിമിക്രി വേദികളിൽ സജീവമാണ്. മഴവിൽ മനോരമ ചാനലിലെ ചാക്കോയും മേരിയും എന്ന സീരിയലിലെ ടൈറ്റിൽ കഥാപാത്രമായും തേജാലക്ഷ്മി വേഷമിട്ടിട്ടുണ്ട്. 
കല്ലുവഴിച്ചിട്ടയിൽ മകളും
∙ നാടക മത്സരത്തിനായി മകൾക്കൊപ്പം വേദിയിലെത്തുമ്പോൾ റിയാലിറ്റി ഷോ അവതാരകൻ കല്ലുവിന്റെ (കലേഷ്) ഓർമകളിൽ മറ്റൊരു കർട്ടനുയർന്നു. 1995ലെ സംസ്ഥാന കലോത്സവം. അന്നത്തെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് കല്ലുവായിരുന്നു. 

കലേഷ്,മകൾ ദക്ഷ
കലേഷ്,മകൾ ദക്ഷ

തിരുവനന്തപുരം കാർമൽ എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥി കൂടിയായ മകൾ ദക്ഷ വേഷമിട്ട ‘ക്ലാ.. ക്ലീ...ക്ലൂ...’ എന്ന നാടകം കാണാനായാണ് കല്ലു ഇന്നലെ വേദിയിലെത്തിയത്. തിരുവനന്തപുരം ജില്ലയ്ക്കു വേണ്ടി തന്നെ നഗരൂർ നെടുമ്പറമ്പ് ജിഎച്ച്എസ്എസിനു വേണ്ടി ‘ഉച്ചാടനം’ എന്ന നാടകമാണ് കല്ലു അവതരിപ്പിച്ചിരുന്നത്. അന്ന് നാടകത്തിന് സമ്മാനം കിട്ടിയില്ലെങ്കിലും കല്ലുവിന്റെ നേട്ടമായിരുന്നു ജില്ലയുടെ ആശ്വാസം. 

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ്എസ് വിഭാഗം കൂടിയാട്ട മത്സരത്തിൽ എ ഗേഡ് നേടിയ വയനാട് കൽപ്പറ്റ എൻഎസ്എസ്ഇഎച്ച്എസ്എസ് ടീം.ചിത്രം: ജിതിൻ ജോയൽ ഹാരിം∙മനോരമ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ്എസ് വിഭാഗം കൂടിയാട്ട മത്സരത്തിൽ എ ഗേഡ് നേടിയ വയനാട് കൽപ്പറ്റ എൻഎസ്എസ്ഇഎച്ച്എസ്എസ് ടീം.ചിത്രം: ജിതിൻ ജോയൽ ഹാരിം∙മനോരമ

പ്രഫഷനൽ നാടകത്തിൽ നിന്നാണ് ‘ഉടൻ പണം’ അടക്കമുള്ള ചാനൽ പരിപാടികളിലേക്കും സിനിമയിലേക്കും കല്ലു എത്തിയത്. നാടകം കാണാനെത്തിയവർ കല്ലുവിനൊപ്പം സെൽഫിയെടുക്കാനും തിരക്കു കൂട്ടി. റിഥമിക് ജിംനാസ്റ്റിക്സ് താരം കൂടിയായ ദക്ഷ ദേശീയ തല സ്കൂൾ കായികമേളയിലടക്കം പങ്കെടുത്തിട്ടുമുണ്ട്. 
ആണോ! പെണ്ണാ...ണോ
∙   ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ കുച്ചിപ്പുഡി മത്സരത്തിനിടയ്ക്കൊരു പെൺകുട്ടി വേദിയിലെത്തിയത് അമ്പരപ്പിനിടയാക്കി. പ്രകടനം കണ്ടതോടെ അമ്പരപ്പ് കയ്യടിക്കു വഴിമാറി. 

രാഖിൻ രഘുനാഥിനൊപ്പം സെൽഫി ചിത്രം പകർത്തുന്ന വിദ്യാർഥിനികൾ. ചിത്രം: സജീഷ് ശങ്കർ ∙മനോരമ
രാഖിൻ രഘുനാഥിനൊപ്പം സെൽഫി ചിത്രം പകർത്തുന്ന വിദ്യാർഥിനികൾ. ചിത്രം: സജീഷ് ശങ്കർ ∙മനോരമ

കൊല്ലം മുട്ടറ ജിവി എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥി രാഗിൻ രഘുനാഥനാണു പെൺവേഷത്തിൽ വേദിയിലെത്തിയത്. എ ഗ്രേഡും നേടി.

കുടവത്തൂർ ഓടനാവട്ടത്തു ചായക്കട നടത്തുന്ന രഘുനാഥന്റെയും ശ്രീദേവിയുടെയും മകനാണു രാഗിൻ.  നൃത്ത അധ്യാപകനായ കിഷൻ സജികുമാർ ഉണ്ണിയാണ് പരിശീലകൻ. ഡോ. രാജശ്രീ രഘുനാഥ് ആണ് സഹോദരി.

English Summary:

Kerala School Kalolsavam 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com