മലയാള ഭാഷയിലെ മികവിന് മലയാള മനോരമ ‘എന്റെ മലയാളം’ സ്വർണപ്പതക്കം മരിയയ്ക്കും റിഗയ്ക്കും
Mail This Article
കൊല്ലം∙സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാള ഭാഷയുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ മികവു പുലർത്തുന്ന കുട്ടികൾക്കു മലയാള മനോരമ നൽകുന്ന എന്റെ മലയാളം സ്വർണപ്പതക്കത്തിന് ഹൈസ്കൂൾ വിഭാഗത്തിൽ മരിയ സാന്ദ്രയെയും ഹയർസെക്കൻഡറി വിഭാഗത്തിൽ റിഗ റോസ് ബാബുവിനെയും വിദഗ്ദ്ധ സമിതി തിരഞ്ഞെടുത്തു.
ഹൈസ്കൂൾ കഥാരചന, കവിതാരചന മത്സരങ്ങളിൽ എ ഗ്രേഡ് നേടിയ മരിയ സാന്ദ്ര വയനാട് കല്ലോടി സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. കണിയാരം ഹൈസ്കൂളിലെ അധ്യാപകൻ വി.എ. ബൈജുവിന്റെയും കല്ലോടി സെന്റ്ജോസഫ്സ് യൂപി സ്കൂൾ അധ്യാപിക എം.ജെ.ബിന്ദുവിന്റെയും മകളാണ്. കോവിഡ് ലോക്ഡൗൺ കാലത്താണ് സാഹിത്യരചനയിലേക്ക് തിരിഞ്ഞത്. ജിഎസ്ടി വകുപ്പ് നടത്തിയ സംസ്ഥാനതല കഥാരചനാമത്സരത്തിൽ ഒന്നാംസ്ഥാനക്കാരിയാണ്. ചേട്ടൻ അഗസ്റ്റിൻ സാമും അനിയത്തി തെരേസ സാറ സയൂരിയുമടങ്ങുന്നതാണ് കുടുംബം.
ഹയർസെക്കൻഡറി കഥാരചന, പ്രസംഗം മത്സരങ്ങളിൽ എ ഗ്രേഡ് നേടിയാണ് റിഗ സ്വർണപ്പതക്കത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂർ ആലക്കോട് എൻഎസ്എസ് എച്ച്എസ്എസ്സിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ്. തിരുവനന്തപുരത്തെ ബിസിനസുകാരനാണ്. ബാബു ജോസഫിന്റെയും ടി.എസ്.ബിന്ദുവിന്റെയും മകളാണ്. രതുൽ, ടെൽഗ എന്നിവരാണ് സഹോദരങ്ങൾ.