ദുരിതാശ്വാസനിധി ദുർവിനിയോഗ പരാതി: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നോട്ടിസ്
Mail This Article
കൊച്ചി ∙ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു തുക ദുർവിനിയോഗം ചെയ്തുവെന്നാരോപിച്ചുള്ള പരാതി ലോകായുക്ത ഫുൾ ബെഞ്ച് തള്ളിയതു ചോദ്യം ചെയ്തുള്ള ഹർജിയിൽ മുഖ്യമന്ത്രിയും അന്നത്തെ മന്ത്രിമാരും ഉൾപ്പെടെ എതിർകക്ഷികൾക്കു നോട്ടിസ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സ്വദേശി ആർ.എസ്.ശശികുമാർ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചാണു ചീഫ് ജസ്റ്റിസ് ആശിഷ് ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ഹൈക്കോടതി ചട്ടപ്രകാരം മുഖ്യമന്ത്രിക്കുള്ള നോട്ടിസ് കത്തായി നൽകും. ഉന്നതരെ ഔദ്യോഗിക പദവിയിൽ കേസിൽ കക്ഷികളാക്കുമ്പോൾ കോടതിയുടെ നോട്ടിസിനു പകരം റജിസ്ട്രാർ ഒപ്പുവച്ച കത്താണു നൽകേണ്ടതെന്നു കേരള ഹൈക്കോടതി ചട്ടം 51 ഡി വകുപ്പിൽ പറയുന്നുണ്ടെന്നു സർക്കാരിനു വേണ്ടി ഹാജരായ പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ ടി.എ.ഷാജി വാദിച്ചു. തുടർന്ന് മുഖ്യമന്ത്രിക്കു കത്തു നൽകാമെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
എൻസിപി നേതാവ് ഉഴവൂർ വിജയന്റെ മരണശേഷം കുടുംബത്തിന് 25 ലക്ഷം രൂപയും ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ വായ്പ വീട്ടാൻ അദ്ദേഹം അന്തരിച്ചശേഷം എട്ടര ലക്ഷം രൂപയും സിപിഎം മുൻ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുന്നതിനിടെ അപകടത്തിൽപെട്ട പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ചതു സ്വജനപക്ഷപാതമാണെന്ന് ആരോപിച്ചാണു ശശികുമാർ ലോകായുക്തയിൽ പരാതി നൽകിയത്. ഈ പരാതി ലോകായുക്തയുടെ ഫുൾബെഞ്ച് പരിഗണിച്ചു തള്ളുകയായിരുന്നു.