ADVERTISEMENT

കടുത്തുരുത്തി ∙ ‘സർക്കാർ പ്രഖ്യാപിച്ച 25 ലക്ഷം രൂപ ഞങ്ങൾ കൈപ്പറ്റിയിട്ടില്ല. തുക കൈപ്പറ്റണമെന്നാവശ്യപ്പെട്ട് പല തവണ സർക്കാർ പ്രതിനിധികൾ വിളിച്ചിരുന്നു. മകളുടെ ജീവന്റെ വില സർക്കാരല്ല നിശ്ചയിക്കേണ്ടത്. ഞങ്ങൾക്ക് ഏക മകളെയാണു നഷ്ടമായത്. ഞങ്ങൾക്ക് ആരുമില്ലാതായി. മകളുടെ മരണത്തിലെ ദുരൂഹത നീക്കണം. എന്താണു സംഭവിച്ചതെന്നറിയാൻ ഞങ്ങൾക്ക് അവകാശമുണ്ട്. അതിനാലാണു സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. മകളുടെ ആത്മാവിനോടു നീതി കാണിക്കണം’ – മകൾ ഡോ. വന്ദനയുടെ മരണത്തിന്റെ നീറ്റലിൽ ഇപ്പോഴും കഴിയുന്ന പിതാവ് മോഹൻദാസ് പറഞ്ഞു.

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിലെ ദുരൂഹത നീക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു മോഹൻദാസിന്റെ പ്രതികരണം. മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻദാസും ഭാര്യ വസന്തകുമാരിയും നൽകിയ ഹർജി 16 തവണ മാറ്റിവച്ച ശേഷമാണു നാളെ വീണ്ടും പരിഗണിക്കുന്നത്.

ഏക മകളുടെ ജീവൻ നഷ്ടപ്പെടാൻ കാരണം പൊലീസിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണു മാതാപിതാക്കളുടെ ആരോപണം. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ബിൽ പാസാക്കാൻ ഡോ. വന്ദനയുടെ ജീവൻ ബലി കഴിക്കുകയായിരുന്നുവെന്നു ബന്ധുക്കൾ ആരോപിക്കുന്നു.

സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ പൊലീസും സർക്കാരും എതിർക്കുകയാണ്. ഇപ്പോൾ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലാണെന്നാണു സർക്കാർ വാദം. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു കൊണ്ടു വന്ന സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റു ഡോ. വന്ദന കൊല്ലപ്പെട്ടതു 2023 മേയ് 10നു പുലർച്ചെയാണ്.

English Summary:

Price of my daughter's life should not be determined by the government says Dr Vandana's father

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com