ADVERTISEMENT

ആലപ്പുഴ∙ 10 വർഷം മുൻപ് ലക്ഷങ്ങളുടെ ചിട്ടിത്തട്ടിപ്പു നടത്തി മുങ്ങിയ ദമ്പതികളെ ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡ് പാലായിൽ നിന്ന് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി കിഴക്കേച്ചിറ ബിജു (49), ഭാര്യ ബീന (43) എന്നിവരാണു തിങ്കളാഴ്ച പിടിയിലായത്. ഒട്ടേറെപ്പേരുടെ പണവും സ്വർണവും തട്ടിയെടുത്ത ശേഷം 2012 ഡിസംബറിലാണ് ഇവർ മുങ്ങിയത്. പൊലീസ് എടുത്ത 3 കേസുകളിൽ മാത്രം 19 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

അന്ന് 12 വയസ്സുണ്ടായിരുന്ന മകനുമൊത്താണു ദമ്പതികൾ സ്ഥലംവിട്ടത്. മണ്ണഞ്ചേരിയിലെ വീടും പുരയിടവും വിറ്റ ഇവർ നേരെ കോഴിക്കോട്ടേക്കാണു കടന്നതെന്നു പൊലീസ് പറഞ്ഞു. അവിടെ താമസിക്കുന്നതിനിടെ ബിജുവിന് അപകടമുണ്ടായി. പിന്നീടു കോട്ടയത്തെത്തി പാലായിലെ വാടകവീട്ടിലേക്കു മാറി. അറസ്റ്റിലാകുമ്പോൾ ബിജു കൂലിപ്പണി ചെയ്യുകയായിരുന്നു.

പണവും സ്വർണവും നഷ്ടപ്പെട്ടവരുടെ പരാതികൾ ലഭിച്ചതോടെ 2013 ജനുവരി 7ന് കേസെടുത്തു. എന്നാൽ, പ്രതികളുടെ വിവരമൊന്നും കിട്ടാതെ അന്വേഷണം സ്തംഭിച്ചു. ഈയിടെ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം ഇത്തരം കേസുകളിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു പുനരന്വേഷണം തുടങ്ങിയപ്പോഴാണു പ്രതികൾ കുടുങ്ങിയത്. 15.5 പവൻ സ്വർണവും 5.5 ലക്ഷം രൂപയും നഷ്ടമായ ആളുടെ പരാതിയിലാണ് അറസ്റ്റ്. 

English Summary:

Couple who escaped 10 years ago after chitty fraud arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com