വന്ദന ദാസ് വധം: സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന് സർക്കാർ
Mail This Article
കൊച്ചി∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തയാറാണെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വന്ദനയുടെ മാതാപിതാക്കളുടെ നിർദേശം കൂടി പരിഗണിച്ചാകും തീരുമാനമെടുക്കുക എന്നും വിശദീകരിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മാതാപിതാക്കൾ നൽകിയ ഹർജിയിലാണു സർക്കാർ ഇക്കാര്യം അറിയിച്ചത്. പ്രതി ആരാണെന്നു വ്യക്തമാണെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സർക്കാരിനു വേണ്ടി ഹാജരായ എഡിജിപി ഗ്രേഷ്യസ് കുര്യാക്കോസ് വാദിച്ചു.
പൊലീസ് കുറ്റപത്രം നൽകിയ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു സിബിഐ അറിയിച്ചു. നിലവിൽ ഒട്ടേറെ കേസുകൾ അന്വേഷിക്കുന്നുണ്ട്. പൊലീസ് അന്വേഷണത്തിൽ പോരായ്മ ഉണ്ടെങ്കിൽ പുനരന്വേഷണം നടത്താമല്ലോ എന്നും പറഞ്ഞു. ഹർജി പരിഗണിച്ച ജസ്റ്റിസ് സോഫി തോമസ് കേസ് 18ലേക്കു മാറ്റി. വിചാരണ നടപടികൾക്കുള്ള സ്റ്റേയും നീട്ടി. പ്രതിയായ സന്ദീപ് കേസിൽ കക്ഷിചേർന്നിട്ടുണ്ട്.