തള്ളവിരൽ മുറിച്ചു നീക്കിയ കലോത്സവ ജേതാവിന്റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും
Mail This Article
കൊച്ചി ∙ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തു ട്രെയിനിൽ തിരിച്ചു വരുന്നതിനിടെ പരുക്കേറ്റ് ഇടതുകാലിന്റെ തള്ളവിരൽ മുറിച്ചു നീക്കിയ വിദ്യാർഥിയുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുക്കും. പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഫൈസലിനാണു കൊല്ലത്തു നിന്നു ട്രെയിനിൽ മടങ്ങുന്നതിനിടെ പരുക്കേറ്റത്. വട്ടപ്പാട്ട് മത്സരത്തിനു ശേഷം ഞായർ പുലർച്ചെ ഒന്നരയ്ക്കുള്ള ചെന്നൈ–ഗുരുവായൂർ എക്സ്പ്രസിൽ മടങ്ങുന്നതിനിടെയാണു ഫൈസലിന്റെ കാൽ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങി അപകടമുണ്ടായത്.
കൊച്ചി സ്പെഷലിസ്റ്റ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫൈസലിന്റെ ഇടതുകാലിന്റെ തള്ളവിരൽ ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കി.ഫൈസലിന്റെ അപകട വാർത്തയറിഞ്ഞു മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ എന്നിവർ വിളിച്ചു ചികിത്സാ വിവരങ്ങൾ ആരാഞ്ഞു. സഹായങ്ങൾ ഉറപ്പു നൽകി. ഫൈസലിന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി ഉറപ്പു നൽകി.