പോയിട്ടു വാ മക്കളേ...; കുട്ടി കലാകാരൻമാർക്ക് യാത്രാമംഗളം നേർന്ന് കൊല്ലം
Mail This Article
‘‘ ഏറെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
അഞ്ചു ദിവസം കടന്നുപോയത് അറിഞ്ഞില്ല. നിങ്ങളുടെ പാട്ടും ഡാൻസും അഭിനയവുമൊക്കെ കണ്ട് ഞാനാകെ ത്രില്ലടിച്ചിരിക്കുകയായിരുന്നു. കളിചിരികളും കുസൃതികളുമൊക്കെ കണ്ടുരസിച്ച് സമയം പോയത് അറിഞ്ഞേയില്ല.
ഒരു പാടു കലാകാരൻമാരും കവികളും അഭിനയപ്രതിഭകളുമൊക്കെ പിറന്നുവീണത് എന്റെ മടിത്തട്ടിലാണ്. നിങ്ങളുടെ കലാപ്രകടനങ്ങൾ കാണുമ്പോൾ ഞാൻ ആകാംക്ഷയോടെ നോക്കിയിരിക്കുകയായിരുന്നു. നിങ്ങളിൽ ഞാൻ നാളത്തെ ഒഎൻവിയെ കണ്ടു, യേശുദാസിനെയും ചിത്രയെയും കണ്ടു, ഭരത് മുരളിയെ കണ്ടു, കൊട്ടാരക്കരയെ കണ്ടു, പി.കേശവദേവിനെ കണ്ടു... നിങ്ങളെല്ലാം നാളെ വളർന്നുവളർന്ന് മലയാളക്കരയെ വിസ്മയിപ്പിക്കുന്ന കലാകാരന്മാരാവുമെന്ന് എനിക്ക് ഉറപ്പാണ്. നാളെ പഠിച്ച് വലിയവരാവുമ്പോൾ നിങ്ങൾ കലയെ പിന്നിലുപേക്ഷിക്കില്ലെന്നാണ് എന്റെ പ്രതീക്ഷ.
പല ജില്ലകളിൽനിന്നു വന്ന് അഞ്ചുദിവസം ഒരുമിച്ചു കഴിഞ്ഞ ശേഷമാണ് നിങ്ങൾ പിരിഞ്ഞുപോവുന്നത്. നിങ്ങളെ പരസ്പരം ബന്ധിക്കുന്ന വലിയൊരു ചരടുണ്ട്. അതാണ് കല. കലാകാരന്മാരെ എന്നും നെഞ്ചോടുചേർത്ത എന്റെ മണ്ണിൽനിന്ന് യാത്രയാവുമ്പോൾ നിങ്ങളെപ്പിരിയുന്നതിന്റെ വിഷമമുണ്ട്. ഇക്കൊല്ലം കലോത്സവം കഴിഞ്ഞു. ഇനിയടുത്ത കൊല്ലം കാണാം. വീണ്ടും വരണം, ഇതുവഴി’’
ഏറെ സ്നേഹത്തോടെ
നിങ്ങളുടെ കൊല്ലം