രോഗത്തെ പാടിത്തോൽപിച്ച സാരംഗിന് ഒരു ലക്ഷം രൂപയുടെ സമ്മാനം കൈമാറി
Mail This Article
കോഴിക്കോട്∙ കൊല്ലം കലോൽസവത്തിൽ രോഗത്തെ പാടിത്തോൽപിച്ച സാരംഗിന് ഒരു ലക്ഷം രൂപയുടെ സമ്മാനം കൈമാറി. ചേവായൂരിലെ എക്സാം വിന്നർ സൊല്യൂഷൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അലൻ തോമസ്, ഡയറക്ടർ ടി.സി.തോമസ്, ടി.അർച്ചന എന്നിവരാണ് ഒരു ലക്ഷം രൂപ ബാങ്ക് ട്രാൻസ്ഫർ ചെയ്ത രേഖകളും മറ്റു സമ്മാനങ്ങളും മനോരമ ഓഫിസിൽ എത്തി സാരംഗിന് കൈമാറിയത്.
സാരംഗിന്റെ പ്ലസ് ടു വരെയുള്ള പഠനച്ചെലവുകളും എക്സാം വിന്നർ ഏറ്റെടുക്കും. സ്കൂൾ കലോൽസവത്തിൽ ലളിതഗാനം, അഷ്ടപദി, സംസ്കൃത ഗാനാലാപനം എന്നിവയിൽ എ ഗ്രേഡാണ് വടകര മേമുണ്ട എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥി നേടിയത്. മൽസരങ്ങൾ പൂർത്തിയാക്കി ഇന്നലെ ഉച്ചയോടെയാണ് സാരംഗും അച്ഛൻ രാജീവൻ മണക്കുനി, അമ്മ ഷെറീന രാജീവൻ, സംഗീത അധ്യാപകൻ കെ.പി.അജേഷ് എന്നിവരും കോഴിക്കോട് തിരിച്ചെത്തിയത്. ചെറിയ പ്രായത്തിൽ തന്നെ 5 ശസ്ത്രക്രിയകൾ വേണ്ടി വന്ന സാരംഗിന് ചികിൽസയ്ക്കായി ഇതുവരെ 50 ലക്ഷം രൂപ ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്.