‘കൊല്ലത്തിനിത് പൂരം തന്നെ’! സ്കൂൾ കലോത്സവത്തിനു സാക്ഷിയായതു റെക്കോർഡ് ജനക്കൂട്ടം
Mail This Article
കൊല്ലം ∙ ഒന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം കൊല്ലം ആതിഥേയത്വം വഹിച്ച സ്കൂൾ കലോത്സവത്തിനു സാക്ഷിയായതു റെക്കോർഡ് ജനക്കൂട്ടം. 5 ദിവസങ്ങളിൽ വിവിധ നേരങ്ങളിലായി 5 ലക്ഷത്തിലധികം പേർ മേള കാണാനെത്തിയെന്നാണു പൊലീസിന്റെ കണക്ക്.
പ്രധാന വേദിയായ 54 ഏക്കർ വരുന്ന ആശ്രാമം മൈതാനത്തു കഴിഞ്ഞ ദിവസങ്ങളിൽ മണ്ണു നുള്ളിയിട്ടാൽപ്പോലും താഴെ വീഴാത്തത്ര ജനക്കൂട്ടമാണു തടിച്ചുകൂടിയത്. സർക്കാരിന്റെ സാമ്പത്തിക പരാധീനതകൾക്കിടയിലും ബുദ്ധിമുട്ടുകളില്ലാതെ മേള വിജയിപ്പിക്കാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.എൻ.ബാലഗോപാലും ഒപ്പം നിന്നു.
ആശ്രാമം മൈതാനത്തും പരിസരങ്ങളിലുമായുള്ള 24 വേദികളിലായാണ് 12,000ലേറെ പ്രതിഭകൾ മാറ്റുരച്ചത്. കലോത്സവ ഫണ്ടിനെക്കുറിച്ച് ആദ്യം ആശങ്കയുണ്ടായിരുന്നെങ്കിലും ധനവകുപ്പ് എല്ലാ പിന്തുണയും നൽകി. സംസ്ഥാന ബജറ്റിന്റെ തയാറെടുപ്പിനിടെയാണു മന്ത്രി ബാലഗോപാൽ സംഘാടനത്തിനു നേതൃത്വം നൽകിയത്.
കൊല്ലത്തു കലോത്സവം കാണാൻ ആളു കുറയുമോയെന്നായിരുന്നു തുടക്കം മുതലുള്ള ആശങ്ക. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ആശ്രാമം മൈതാനത്തെ വേദിയിലേക്ക് ഉൾപ്പെടെ ജനക്കൂട്ടം ഒഴുകിയെത്തി. കൊല്ലം നഗരം 5 രാപകലുകൾ അക്ഷരാർഥത്തിൽ ഉറങ്ങിയില്ല. ശനി, ഞായർ അവധി ദിവസങ്ങളിലും ജനക്കൂട്ടം ഒഴുകിയെത്തി. സമാപന നാളിൽ നടൻ മമ്മൂട്ടിയെ കാണാൻ ചെറുപ്പക്കാരുടെ പ്രവാഹമായിരുന്നു.
കലോത്സവ ചരിത്രത്തിൽ ഇതു നാലാം തവണയാണു കൊല്ലം ജില്ല സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്. 1988, 1999, 2008 വർഷങ്ങളിലായിരുന്നു മുൻപു മേള. ഇനി ഇത്തരമൊരു കലോത്സവത്തിനു വർഷങ്ങൾ കാത്തിരിക്കണമെന്നു കണ്ടാകണം, ഒന്നും ‘മിസ്’ ചെയ്യാതെ ജനക്കൂട്ടം വേദികൾ കയറിയിറങ്ങിയത്. ഇന്നലെ സമാപന ചടങ്ങിൽ പ്രസംഗിച്ച മമ്മൂട്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. ശിവൻകുട്ടി എന്നിവർ കൊല്ലത്തേതു ചരിത്രപരമായ മേളയെന്നു വിശേഷിപ്പിച്ചതു ജില്ലയ്ക്കുള്ള പ്രത്യേക പുരസ്കാരമായി.
കപ്പ് പിറന്ന മനസ്സിൽ ഒളിമങ്ങാതെ ഓർമകൾ
∙നൂറ്റിപ്പതിനേഴര പവൻ തിളക്കത്തോടെ വിദ്യാർഥികളുടെ കയ്യിലേക്കെത്തുന്ന സ്വർണക്കപ്പ് ആദ്യം പിറന്നത് ചിറയിൻകീഴ് ശ്രീകണ്ഠൻ നായരുടെ പേനത്തുമ്പിലാണ്. വിദ്യാഭ്യാസ വകുപ്പിൽ കലാധ്യാപകനായിരുന്നു അദ്ദേഹം. കവി വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ നിർദേശപ്രകാരം 1986ൽ തൃശൂരിൽ വച്ചാണ് കപ്പ് രൂപകൽപന ചെയ്തത്.
വൈലോപ്പിള്ളിയുടെ പുസ്തകങ്ങളിൽ കാവ്യചിത്രങ്ങളേറെ വരച്ചിട്ടുള്ള തന്നോട് സൗന്ദര്യവും സാഹിത്യവു കലയും അടയാളപ്പെടുത്തി കപ്പൊരുക്കാനാണ് കവി ആവശ്യപ്പെട്ടത് എന്ന് ശ്രീകണ്ഠൻ നായർ ഓർമിക്കുന്നു. പുസ്തകത്തിൽ നിന്നുയർന്നുവരുന്ന വളയിട്ട കൈകൾ വലിയൊരു ശംഖ് ഉയർത്തിപ്പിടിച്ചിരിക്കുന്ന രൂപമാണ് സ്വർണക്കപ്പിന്.
പുസ്തകം അറിവിനെയും കൈ അധ്വാനത്തെയും കയ്യിലെ വളകൾ ഏഴു രാഗങ്ങളെയും ശംഖ് നാദത്തെയും പ്രതിനിധാനം ചെയ്യുന്ന കപ്പിൻ്റെ രൂപരേഖ ഒറ്റ ദിവസം കൊണ്ടാണ് തയാറാക്കിയത് എന്ന് അദ്ദേഹം പറഞ്ഞു. 81-ാം വയസ്സിൽ തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന ശ്രീകണ്ഠൻ നായർക്ക് താൻ രൂപകൽപന ചെയ്ത സ്വർണക്കപ്പിൻ്റെ മാതൃക വിദ്യാർഥികൾ ഏറ്റുവാങ്ങുന്നത് കാണാൻ കൊല്ലത്ത് എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കപ്പ് ഏറ്റുവാങ്ങുന്ന കുട്ടികളുടെ മുഖത്തെ ചിരിയാണ് അദ്ദേഹത്തിൻ്റെ ഏറ്റവും സന്തോഷിപ്പിക്കുന്നത്.
മേള തീർന്നിട്ടും തീരാതെ രുചിമേളം
∙ കലോത്സവ വേദിയിൽ മത്സരങ്ങൾ ഇന്നലെ ഉച്ചയ്ക്കു തീർന്നെങ്കിലും രുചിയിടം ഭക്ഷണശാല പിന്നെയും സജീവമായി തുടർന്നു. ഒരു മണിയോടെ മത്സരങ്ങൾ പൂർത്തിയാക്കണമെന്നായിരുന്നു കർശന നിർദേശം.
പക്ഷേ ഭക്ഷണശാല വൈകിട്ടു വരെ പ്രവർത്തിച്ചുവെന്നു ഭക്ഷണ കമ്മിറ്റി ചെയർമാൻ പി.സി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. ഒരു മണിക്കു മത്സരം കഴിഞ്ഞു വരുന്ന മത്സരാർഥിക്കും ആഹാരം കിട്ടാതെ പോകരുതെന്നു നിർബന്ധമുണ്ടായിരുന്നു. കലോത്സവം തുടങ്ങിയത് 4 നാണെങ്കിലും 3 മുതൽ കലവറ സജീവമായിരുന്നു.