ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി റോയ് തോമസ് വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. അറുപതാം സാക്ഷിയും മൂന്നാം പ്രതി പ്രജികുമാറിന്റെ ഭാര്യയുമായ താമരശ്ശേരി തച്ചംപൊയിൽ ശരണ്യയാണ് പ്രതികൾക്ക് അനുകൂലമായി കോടതിയിൽ മൊഴി മാറ്റിയത്. ഇതോടെ ഈ കേസിൽ കൂറുമാറിയവരുടെ എണ്ണം ആറായി. പ്രജികുമാറിന്റെ കുറ്റസമ്മത മൊഴിപ്രകാരം പ്രതിയുടെ താമരശ്ശേരിയിലെ ദൃശ്യകല ജ്വല്ലറി വർക്സ് എന്ന സ്ഥാപനത്തിൽ നിന്നു പൊലീസ് സയനൈഡ് കണ്ടെടുത്തിരുന്നു. രണ്ടാം പ്രതി എം.എസ്.മാത്യു പ്രജികുമാറിന്റെ സുഹൃത്താണെന്നും, കടയിൽ സ്വർണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും, അറസ്റ്റിനു ശേഷം പൊലീസ് പ്രജികുമാറുമായി വന്നപ്പോൾ താൻ നൽകിയ താക്കോൽ ഉപയോഗിച്ച് കട തുറന്നു പ്രജികുമാർ സയനൈഡ് എടുത്ത് പൊലീസിനു നൽകിയിരുന്നു എന്നും ശരണ്യ നേരത്തേ പൊലീസിൽ മൊഴി നൽകിയിരുന്നു. പ്രജികുമാറിന്റെ കടയിൽ നിന്നു സയനൈഡ് കണ്ടെടുത്തതിന്റെ സാക്ഷിയായിരുന്നു ശരണ്യ. 

അന്വേഷണ സംഘത്തിൽ അംഗമായ കണ്ണൂർ ആലക്കോട് സർക്കിൾ ഇൻസ്പെക്ടർ 150–ാം സാക്ഷി എ.പി.വിനീഷ് കുമാറിനെയും കോടതിയിൽ വിസ്തരിച്ചു. ഒന്നാം പ്രതി ജോളിയുടെ ഇടുക്കിയിലെ തറവാട്ടുവീട്ടിലും ബന്ധുവീടുകളിലും പരിശോധന നടത്തിയിരുന്നുവെന്നും, ജോളി പഠിച്ച വാഴവര സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്ന് അഡ്മിഷൻ റജിസ്റ്ററും ടിസി കൗണ്ടർഫോയിലും ഉൾപ്പെടെയുള്ള രേഖകൾ ശേഖരിച്ചുവെന്നും വിനീഷ് കുമാർ  മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ.ശ്യാംലാൽ മുൻപാകെ മൊഴി നൽകി. ജോളി ബിഎഡിന് പഠിച്ചിട്ടുണ്ടോയെന്നറിയാൻ പാലാ സെന്റ് തോമസ് ടീച്ചേഴ്സ് എജ്യുക്കേഷൻ കോളജിൽ പോയി അന്വേഷണം നടത്തിയതായും, ജോളി ജോസഫ് എന്ന വിദ്യാർഥി ആ കോളജിൽ പഠിച്ചിട്ടില്ലെന്നു      പ്രിൻസിപ്പലിൽ നിന്നു സർട്ടിഫിക്കറ്റ് ലഭിച്ചതായും വിനീഷ് കുമാർ ബോധിപ്പിച്ചു.

English Summary:

One more witness defected in Koodathayi case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com