മാർച്ചിനിടെ നടന്നത് ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമെന്ന് കോടതി
Mail This Article
തിരുവനന്തപുരം ∙ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ചിനിടെ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണ് ഉണ്ടായതെന്നു ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി (3) പരാമർശിച്ചു. കേസിലെ നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണു ഈ പരാമർശമുള്ളത്. പ്രതികൾ തടിക്കഷണങ്ങളും കൊടിക്കമ്പുകളുമായി ഒത്തുചേർന്നതു തന്നെ നിയമവിരുദ്ധമാണ്.
രാഹുൽ ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ രേഖകൾ പരിശോധിച്ചപ്പോൾ ആശുപത്രിയുടെ വിവരം തിരിച്ചറിയാൻ കഴിഞ്ഞില്ല. ആശുപത്രിയുടെ പേരോ സീലോ ഡിസ്ചാർജ് രേഖകളിൽ വ്യക്തമല്ല. നിലവിൽ ആരോഗ്യസ്ഥിതി മെച്ചമാണെന്നാണു സ്വകാര്യ ആശുപത്രിയിലെ രേഖകളിൽ ഉണ്ടായിരുന്നത്.
എങ്കിലും ആരോഗ്യ സ്ഥിതി സംബന്ധിച്ച പ്രതിഭാഗത്തിന്റെ വാദത്തിന്റെ അടിസ്ഥാനത്തിലാണു വിശദ മെഡിക്കൽ പരിശോധന നടത്തിയത്. രാഹുലിന് അസുഖമോ മുറിവുകളോ ഇല്ലെന്ന് ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായെന്നും ഉത്തരവിൽ പറയുന്നു.