നിമിഷ വധം: പ്രതിക്ക് ഇരട്ട ജീവപര്യന്തം
Mail This Article
പറവൂർ ∙ വാഴക്കുളത്ത് മോഷണശ്രമത്തിനിടെ ബിരുദ വിദ്യാർഥിനി നിമിഷ തമ്പിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി ബംഗാൾ മുർഷിദാബാദ് സ്വദേശി ബിജു മൊല്ലയ്ക്ക് (44) പറവൂർ അഡീ. സെഷൻസ് കോടതി ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചു. നിമിഷയെ കൊലപ്പെടുത്തിയതിനും നിമിഷയുടെ പിതാവിന്റെ സഹോദരൻ ഏലിയാസിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനുമാണ് ഓരോ ജീവപര്യന്തം. നിമിഷയുടെ മുത്തശ്ശിയുടെ കഴുത്തിൽ നിന്നു മാലപൊട്ടിക്കാൻ ശ്രമിച്ചതിനും വീട്ടിലേക്ക് അതിക്രമിച്ചു കയറിയതിനും 7 വർഷം വീതം കഠിനതടവും വിധിച്ചു. 2 ലക്ഷം രൂപ പിഴയുമുണ്ട്. പിഴത്തുക നിമിഷയുടെ കുടുംബത്തിനു നൽകണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധികതടവ് അനുഭവിക്കണം. ജഡ്ജി വി.ജ്യോതിയാണു ശിക്ഷ വിധിച്ചത്. കിഴക്കമ്പലം അമ്പുനാട് അന്തിനാട്ട് തമ്പി – സലോമി ദമ്പതികളുടെ മകളാണു നിമിഷ. മാറമ്പിള്ളി എംഇഎസ് കോളജിലെ വിദ്യാർഥിയായിരുന്നു. വിധി കേൾക്കാൻ പിതാവ് തമ്പിയും സഹോദരി അന്നയും പിതൃസഹോദരൻ ഏലിയാസും കോടതിയിലെത്തി.
2018 ജൂലൈ 30 നു രാവിലെ 10നാണു കൊലപാതകം നടന്നത്. വീട്ടിൽ അതിക്രമിച്ചു കയറി 85 വയസ്സുള്ള മുത്തശ്ശിയെ ആക്രമിച്ചു മാല പൊട്ടിക്കുന്നതു കണ്ടാണു നിമിഷ തടയാൻ ശ്രമിച്ചത്. നിമിഷയുടെ കൈവശമുണ്ടായിരുന്ന കറിക്കത്തി പ്രതി ബലമായി പിടിച്ചു വാങ്ങി കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ഏലിയാസിനെയും കുത്തിപ്പരുക്കേൽപ്പിച്ചു. സംഭവസ്ഥലത്തു നിന്നു കടന്നുകളഞ്ഞ പ്രതിയെ അര കിലോമീറ്റർ അകലെ നിന്നാണു പൊലീസ് പിടികൂടിയത്. സുഗന്ധദ്രവ്യ കമ്പനിയിൽ ശുചീകരണത്തിനു കരാർ എടുത്തയാളുടെ കീഴിൽ ജോലി ചെയ്തിരുന്ന ബിജു മൊല്ലയെ പെരുമാറ്റ ദൂഷ്യത്തിനു പിരിച്ചുവിട്ടപ്പോൾ നാട്ടിലേക്കു പോകാനുള്ള പണമുണ്ടാക്കാനാണു മാല പൊട്ടിക്കാൻ ശ്രമിച്ചത്. മുർഷിദാബാദിലെ സമീപവാസിയെ കൊലപ്പെടുത്തിയതിനു ബിജു മൊല്ലയുടെ മാതാവും സഹോദരനും ബംഗാളിൽ ജയിലിലാണ്. പിതാവു ജയിൽവാസത്തിനിടെ മരിച്ചു.