മാർ റാഫേൽ തട്ടിൽ മേജർ ആർച്ച്ബിഷപ്
Mail This Article
കൊച്ചി ∙ സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് ആയി ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ റാഫേൽ തട്ടിലിനെ (67) സിനഡ് തിരഞ്ഞെടുത്തു. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഡിസംബർ 7നു സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നു പുതിയ മേജർ ആർച്ച്ബിഷപ്പിനെ കണ്ടെത്താൻ ചേർന്ന സിനഡ് യോഗത്തിന്റെ രണ്ടാം ദിവസം തന്നെ തിരഞ്ഞെടുപ്പു പൂർത്തിയാക്കി. മാർപാപ്പയുടെ അംഗീകാരത്തോടെ തീരുമാനം വത്തിക്കാനിലും സഭാ ആസ്ഥാനത്തും ഒരേസമയം പ്രഖ്യാപിച്ചു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്നുച്ചയ്ക്ക് 2.30 ന് നടക്കുന്ന ലളിതമായ ചടങ്ങിൽ മാർ റാഫേൽ തട്ടിൽ ചുമതലയേൽക്കും.
സിറോ മലബാർ സഭയുടെ നാലാമതു മേജർ ആർച്ച്ബിഷപ്പാണ് മാർ തട്ടിൽ. മാർ ആലഞ്ചേരിക്കു ശേഷം സഭാ സിനഡ് തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ മേജർ ആർച്ച്ബിഷപ്പും. കർദിനാൾ മാർ ആന്റണി പടിയറയെയും കർദിനാൾ മാർ വർക്കി വിതയത്തിലിനെയും മാർപാപ്പ നേരിട്ടു നിയമിക്കുകയായിരുന്നു.
പുതിയ മേജർ ആർച്ച്ബിഷപ്പിനെ തിരഞ്ഞെടുത്തതായി സിനഡിൽ അധ്യക്ഷനായിരുന്ന മാർ മാത്യു മൂലക്കാട്ട് അറിയിച്ചു. സഭാ അഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും സിനഡ് സെക്രട്ടറി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയും ചേർന്നു മാർ തട്ടിലിനെ ആനയിച്ചു. മാർ വാണിയപ്പുരയ്ക്കൽ അദ്ദേഹത്തിനു ബൊക്കെ നൽകി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആശംസയർപ്പിച്ചു. പുതിയ ആർച്ച്ബിഷപ്പിനോടു വിധേയത്വവും സഹകരണവും പ്രകടിപ്പിച്ചു സിനഡ് അംഗങ്ങൾ അദ്ദേഹത്തിന് ആശംസകൾ നേർന്നു. മെത്രാൻമാരും രൂപതാ പ്രതിനിധികളും സന്യാസ സഭാ സുപ്പീരിയർമാരും ഉൾപ്പെടെ ചെറിയൊരു സദസ്സിനു മാത്രമായിരിക്കും ഇന്നു നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങിൽ പ്രവേശനമെന്നു മേജർ ആർക്ക് എപ്പിസ്കോപ്പൽ ചാൻസലർ അറിയിച്ചു. ചടങ്ങിന്റെ തത്സമയ സംപ്രേഷണം ഉണ്ടാവും.
ഷംഷാബാദിന്റെ പ്രഥമ ബിഷപ്
തൃശൂർ അതിരൂപതയിൽ വ്യാകുലമാതാവിന്റെ ബസിലിക്കയിൽ (പുത്തൻപള്ളി) തട്ടിൽ ഔസേഫ്– ത്രേസ്യാ ദമ്പതികളുടെ 10 മക്കളിൽ ഇളയവനായി 1956 ഏപ്രിൽ 21നാണു മാർ തട്ടിലിന്റെ ജനനം. 1980 ഡിസംബർ 21 നു പുരോഹിതനായി. തൃശൂർ അതിരൂപതയിൽ വൈസ് ചാൻസലർ, ചാൻസലർ, ജുഡീഷ്യൽ വികാരി, ജഡ്ജി, പ്രോട്ടോ സിഞ്ചെല്ലൂസ്, മേരിമാതാ സെമിനാരി റെക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2010 ഏപ്രിൽ 10 നു തൃശൂർ അതിരൂപതയിൽ സഹായ മെത്രാനായി. 2014 ൽ സിറോ മലബാർ സഭയുടെ അധികാര പരിധിക്കു പുറത്തുള്ള സിറോ മലബാർ വിശ്വാസികളുടെ അപ്പോസ്തലിക് വിസിറ്റേറ്ററായി. 2017 ഒക്ടോബർ 10 ന് തെലങ്കാനയിലെ ഷംഷാബാദ് ആസ്ഥാനമായുള്ള രൂപതയുടെ പ്രഥമ മെത്രാനായി.
∙ ‘എന്റെ കഴിവിനെപ്രതിയല്ല, സിനഡിന്റെ തീരുമാനം ദൈവനിയോഗമായി കണ്ട് പുതിയ പദവി ഏറ്റെടുക്കുന്നു.’ – മാർ റാഫേൽ തട്ടിൽ