ADVERTISEMENT

കൊച്ചി/കണ്ണൂർ ∙ ചോദ്യക്കടലാസിൽ മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രഫ.ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസിൽ പതിമൂന്നര വർഷം ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ. എറണാകുളം അശമന്നൂർ നീലേലി മുടശേരി സവാദിനെയാണു ദേശീയ അന്വേഷണ ഏജൻസി (എൻഐഐ) കണ്ണൂർ മട്ടന്നൂർ ബേരത്തുനിന്ന് ഇന്നലെ പുലർച്ചെ മൂന്നിനു വീടുവളഞ്ഞ് അറസ്റ്റ് ചെയ്തത്. ഷാജഹാൻ എന്ന വ്യാജപ്പേരിൽ ഭാര്യയ്ക്കും 2 മക്കൾക്കുമൊപ്പം ബേരത്തെ കുന്നിൻചരിവിലെ വാടകവീട്ടിലായിരുന്നു  താമസം. 2022 ഡിസംബർ മുതൽ ഇവിടെ മരപ്പണി ചെയ്തു ജീവിക്കുകയായിരുന്നു.

കേസിലെ 42 പ്രതികളെ അറസ്റ്റ് ചെയ്തു വിചാരണ പൂർത്തിയാക്കി, കുറ്റം ചെയ്തതായി കണ്ടെത്തിയ 19 പേർക്കു ശിക്ഷയും വിധിച്ച ശേഷമാണ് ഒന്നാം പ്രതി പിടിയിലാകുന്നത്. 2010 ജൂലൈ 4ന് പ്രഫ. ജോസഫിന്റെ വലതു കൈപ്പത്തി മഴു ഉപയോഗിച്ചു വെട്ടിയെടുത്തു സമീപത്തെ പറമ്പിലേക്കു വലിച്ചെറിഞ്ഞതു സവാദാണെന്നാണു പ്രോസിക്യൂഷൻ കേസ്. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിലെത്തിച്ച പ്രതിയെ 24 വരെ റിമാൻഡ് ചെയ്തു.

സവാദ് തീവ്രവാദ സംഘടനയിലെ അംഗമാണെന്നും ഒളിവിൽ കഴിയാൻ സഹായിച്ചതു പോപ്പുലർ ഫ്രണ്ട് നേതാക്കളാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൈവെട്ട് ആസൂത്രണത്തിലും നടപ്പാക്കുന്നതിലും സവാദിനു വലിയ പങ്കുണ്ടെന്നും വീട്ടിൽ നടത്തിയ പരിശോധനയിൽ 2 മൊബൈൽ ഫോണുകളും ഒരു സിം കാർഡും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തെന്നും റിപ്പോർട്ടിലുണ്ട്. 

സവാദിനെതിരെ ഇന്റർപോളിന്റെ തിരച്ചിൽ നോട്ടിസുണ്ട്. വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എസ്ഡിപിഐ പ്രവർത്തകനും മട്ടന്നൂർ സ്വദേശിയുമായ റിയാസിന്റെ കീഴിലാണ് ഇയാൾ വീടുകളിൽ മരപ്പണിയെടുത്തിരുന്നത്. റിയാസാണ് ഇയാൾക്കു വാടകവീടു തരപ്പെടുത്തി നൽകിയതെന്നു നാട്ടുകാർ പറയുന്നു. റിയാസിന്റെ മൊബൈൽ ഫോൺ ഓഫാണ്.

ഭാര്യയുടെ തിരിച്ചറിയൽ കാർഡും ഇവരുടെ കാസർകോട്ടെ മേൽവിലാസവുമാണു പ്രതി വാടകക്കരാറിൽ ഉപയോഗിച്ചത്. വീട്ടുടമയ്ക്കു വാടക നൽകിയിരുന്നതും ഭാര്യയായിരുന്നു. ഇരിട്ടി വിളക്കോട് ഇയാൾ വർഷങ്ങളോളം താമസിച്ചിരുന്നതായും വിവരമുണ്ട്. ബേരത്തുനിന്ന് സ്ഥലംമാറാനിരിക്കെയാണ് പിടിയിലായത്.

English Summary:

NIA nabs first accused Savad in TJ Joseph palm chopping case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com