ബവ്കോ ഔട്ട്ലെറ്റിൽ 81 ലക്ഷത്തിന്റെ തിരിമറി: ഓഡിറ്റ് ടീമിനെ സ്ഥലംമാറ്റി
Mail This Article
കോന്നി ∙ ബവ്റിജസ് കോർപറേഷന്റെ കൂടൽ മദ്യവിൽപന ശാലയിൽ നിന്ന് 81 ലക്ഷം രൂപ ജീവനക്കാരൻ തിരിമറി നടത്തിയ സംഭവവുമായി ബന്ധപ്പെട്ടു ജില്ലാ ഓഡിറ്റ് ടീമിലെ എല്ലാവരെയും സ്ഥലംമാറ്റി. ഡിഎടി മാനേജർ ആർ.രഞ്ജിത്, അസിസ്റ്റന്റ് മാനേജർ എസ്.ആനന്ദ്, യുഡി ക്ലാർക്ക് ഷാനവാസ് ഖാൻ, സീനിയർ അസിസ്റ്റന്റ് ടി.ആർ.കിരൺ, അസിസ്റ്റന്റ് എസ്.സുധിൻ രാജ് എന്നിവരെയാണു വിവിധ ഓഫിസുകളിലേക്കു സ്ഥലം മാറ്റിയത്.
കൂടൽ മദ്യവിൽപന കേന്ദ്രത്തിൽ ദിവസവും ലഭിക്കുന്ന തുക ക്ലാർക്ക് പിറ്റേന്നു ബാങ്കിൽ അടയ്ക്കുന്നതിൽ ക്രമക്കേട് നടത്തി പലപ്പോഴായി തുക മാറ്റിയാണു തട്ടിപ്പു നടത്തിയിട്ടുള്ളതെന്നാണു പരാതി. ജില്ലാ വെയർഹൗസ് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്ലാർക്ക് ശാസ്താംകോട്ട ആനയടി സ്വദേശി അരവിന്ദിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേത്തുടർന്നു മാനേജർ ഇൻചാർജ് കൃഷ്ണകുമാർ, ക്ലാർക്ക് അരവിന്ദ് എന്നിവരെ ചെയർമാൻ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് ഓഡിറ്റ് സംഘത്തിനെതിരെയുള്ള നടപടി.
എന്നാൽ, ഭരണപരമായ സൗകര്യാർഥം ജീവനക്കാരുടെ സ്ഥലംമാറ്റമാണെന്നാണ് ഉത്തരവിൽ പറയുന്നത്. കൂടൽ പൊലീസിലാണു പരാതി നൽകിയതെങ്കിലും കേസ് കോന്നി ഡിവൈഎസ്പിയാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ജീവനക്കാരിൽ നിന്നു മൊഴിയെടുക്കുകയും ചെയ്തു. ക്രമക്കേട് നടന്നതു കണ്ടെത്തിയതു ജില്ലാ ഓഡിറ്റ് സംഘമാണെങ്കിലും വിറ്റ മദ്യത്തിന്റെ കണക്കനുസരിച്ചു ബാങ്കിൽ അടച്ച തുകയിലുണ്ടായ വ്യത്യാസം 6 മാസം വരെയും കണ്ടെത്താൻ കഴിയാതിരുന്നതാണ് ഇവർക്കെതിരെയുള്ള നടപടിക്കു കാരണമെന്നാണു വിവരം. കഴിഞ്ഞ ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണു ക്രമക്കേട് നടന്നിട്ടുള്ളത്.