കൈവെട്ടു കേസ്: സവാദിന്റെ കൂടുതൽ വിവരങ്ങൾ തേടി എൻഐഎ സംഘം കാസർകോട്ട്
Mail This Article
മഞ്ചേശ്വരം (കാസർകോട്) ∙ ചോദ്യക്കടലാസിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രഫ.ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘം കാസർകോട്ടെത്തി.
സവാദിന്റെ ഭാര്യയുടെ മഞ്ചേശ്വരം കുഞ്ചത്തൂരിലെ വീട്ടിൽ എൻഐഎ സംഘമെത്തും. പൊലീസ് സ്പെഷൽ ബ്രാഞ്ച് സംഘം സവാദിന്റെ ഭാര്യയിൽനിന്നു വിവരങ്ങൾ തേടിയിരുന്നു. മട്ടന്നൂർ ബേരത്തെ വാടകവീട്ടിൽനിന്നു കഴിഞ്ഞദിവസമാണ് യുവതി കുഞ്ചത്തൂരിലെ വീട്ടിലെത്തിയത്.
സവാദിന്റെയും യുവതിയുടെയും വിവാഹം 2016 ഫെബ്രുവരി 27ന് ആണു റജിസ്റ്റർ ചെയ്തത്. ഇതിൽ നൽകിയിരിക്കുന്ന പേര് ഷാജഹാൻ, സൺ ഓഫ് കെ.പി.ഉമ്മർ, പിപി ഹൗസ്, കുന്നുംകൈ, ചിറക്കൽ, കണ്ണൂർ എന്നാണ്. മംഗൽപാടി പഞ്ചായത്ത് ഇവരുടെ കുട്ടിക്കു നൽകിയ ജനന സർട്ടിഫിക്കറ്റിൽ ഇയാളുടെ പേര് എം.എം.സവാദ് എന്നാണു രേഖപ്പെടുത്തിയത്. സവാദിനെ പിടികൂടാൻ സഹായകമായത് ഈ ജനന സർട്ടിഫിക്കറ്റാണ്. സവാദ് എന്ന പേരു മാത്രമാണ് ജനന സർട്ടിഫിക്കറ്റിൽ കണ്ടതെന്ന് ഭാര്യ പറയുന്നു. സവാദിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിഞ്ഞത് അറസ്റ്റിലായ ശേഷമാണെന്നും പറഞ്ഞു.