പേറ്റന്റിൽ ‘ഹെഡ്’ കോൺസ്റ്റബിൾ; പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെട്ട മലയാളി ഗവേഷണ സംഘത്തിനു യുഎസ് പേറ്റന്റ്
Mail This Article
തൃശൂർ ∙ സ്തനാർബുദം തുടക്കത്തിൽത്തന്നെ കണ്ടെത്താൻ ഇലക്ട്രോണിക് സാങ്കേതികവിദ്യ രൂപപ്പെടുത്തിയതിനു പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെട്ട മലയാളി ഗവേഷക സംഘത്തിനു യുഎസ് പേറ്റന്റ്. പൊലീസിന്റെ ടെലി കമ്യൂണിക്കേഷൻ വിഭാഗം കോൺസ്റ്റബിൾ വടക്കാഞ്ചേരി മുള്ളൂർക്കര കിഴുപ്പാടത്തു കെ.ആർ.രഞ്ജിത്താണു സംഘത്തിലെ പൊലീസ് സാന്നിധ്യം. തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽനിന്ന് ഇലക്ട്രോണിക്സിൽ എൻജിനീയറിങ് ബിരുദം നേടിയ ശേഷം മുളങ്കുന്നത്തുകാവ് സി മെറ്റിൽ സീനിയർ റിസർച് ഫെലോ ആയി ജോലിചെയ്യുന്ന സമയത്താണു രഞ്ജിത്ത് ഗവേഷണത്തിൽ പങ്കാളിയായത്.
മാമോഗ്രാമിനു പകരമുള്ള സാങ്കേതികവിദ്യ തേടി സീനിയർ സയന്റിസ്റ്റ് ഡോ. എ.സീമയുടെ നേതൃത്വത്തിലുള്ള എട്ടംഗ സി മെറ്റ് സംഘം 2014 ൽ ആണു പുതിയ ഗവേഷണം തുടങ്ങിയത്. അർബുദം കോശങ്ങൾ സ്തനത്തിലെ താപവ്യതിയാനം അടിസ്ഥാനമാക്കി കണ്ടെത്താനുള്ള സാങ്കേതികവിദ്യയാണ് ഇവർ കണ്ടെത്തിയത്. റേഡിയേഷൻ ഇല്ല, വേദനയില്ല, പ്രായപരിധിയില്ലാതെ ഉപയോഗിക്കാം തുടങ്ങിയവയാണു സെൻസർ ഉപയോഗിച്ചുള്ള ഈ സാങ്കേതികവിദ്യയുടെ മെച്ചം.