ADVERTISEMENT

∙വയലാർ രവി, എ.കെ.ആന്റണി എന്നീ നേതാക്കൾക്കൊപ്പം യൂത്ത് കോൺഗ്രസിലൂടെ സംഘടനാരംഗത്തെത്തിയ നേതാവാണ് ടി.എച്ച്.മുസ്തഫ. 

 1957-1960 ൽ യൂത്ത് കോൺഗ്രസ് വാഴക്കുളം മണ്ഡലം പ്രസിഡന്റായതു മുതൽ മുഴുവൻസമയ പാർട്ടി പ്രവർത്തകനായി. എറണാകുളം ഡിസിസി പ്രസിഡന്റും കെ.കരുണാകരന്റെ വിശ്വസ്തനുമായി മാറിയതോടെ സംഘടനാരംഗത്ത് കരുത്തനുമായി. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കു കടന്നതോടെ പ്രവർത്തകരുടെ ആവേശമായി അദ്ദേഹം മാറി. 

1982ൽ കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ മത്സരിക്കുമ്പോൾ എതിരാളികളെ ഭയപ്പെടുത്താൻ ടി.എച്ച്.മുസ്തഫ തോക്കെടുത്ത സംഭവം ഇന്നും പ്രവർത്തകർ ഓർക്കുന്നു. സിപിഎമ്മിലെ പി.പി.എസ്തോസായിരുന്നു എതിർസ്ഥാനാർഥി. കോലഞ്ചേരി ഭാഗത്തു തോരണം കെട്ടാൻ സിപിഎം സമ്മതിക്കുന്നില്ലെന്നു പാർട്ടി പ്രവർത്തകർ പരാതിയുമായി എത്തിയപ്പോൾ അവർക്ക് ആത്മവിശ്വാസമായി ലൈസൻസുള്ള തോക്കുമായി മുന്നിൽ നിന്നു നയിച്ചത് മുസ്തഫയായിരുന്നു. അവിടെ തോരണം ‌തൂക്കിയാണ് കുന്നത്തുനാട്ടിൽ വിജയക്കൊടി പാറിച്ചു തുടങ്ങിയത്. പിന്നീട് 4 വട്ടം ആ മണ്ഡലത്തിൽ നിന്നു തന്നെ വിജയിച്ചു.

അദ്ദേഹത്തിന്റെ സവിശേഷതകളിൽ ഒന്ന് മണിക്കൂറുകളോളം സദസ്സിനെ പിടിച്ചിരുത്താൻ കഴിയുന്ന വിധത്തിൽ പ്രസംഗിക്കാനുള്ള കഴിവായിരുന്നു. രാത്രി മണിക്കൂറുകൾ നീളുന്ന മാരത്തൺ രാഷ്ട്രീയപ്രസംഗങ്ങൾ മുസ്തഫയ്ക്കു ഹരമായിരുന്നു. 1972 ൽ മറൈൻഡ്രൈവിൽ അദ്ദേഹം പ്രസംഗിച്ചത് തുടർച്ചയായി നാലര മണിക്കൂറാണ്. 

 പൊതുസമ്മേളനത്തിൽ ഇന്ദിരാഗാന്ധി എത്താൻ വൈകിയപ്പോഴായിരുന്നു അന്ന് ഡിസിസി പ്രസി‍ഡന്റായിരുന്ന അദ്ദേഹം പ്രസംഗദൗത്യം ഏറ്റെടുത്തത്. നീണ്ട പ്രസംഗത്തെ ഇന്ദിരാഗാന്ധി പ്രത്യേകം പരാമർശിക്കുകയും ചെയ്തു. പിൽക്കാലത്ത് ബൊഫോഴ്സ് ആരോപണം ഉയർന്നപ്പോൾ രാജീവ് ഗാന്ധിയെ പ്രതിരോധിച്ചു പെരുമ്പാവൂർ ടൗണിൽ 5 മണിക്കൂർ തുടർച്ചയായി പ്രസംഗിച്ചതാണ് റെക്കോർഡ്. 

 ഇതു പിന്നീടു പല ഭാഗങ്ങളുള്ള കസെറ്റായി പ്രചരിച്ചു. 1980 ൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ കോൺഗ്രസ് നടത്തിയ രാജ്ഭവൻ മാർച്ചിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.  ഈ മാർച്ച് സംസ്ഥാന രാഷ്ടീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ വരവറിയിച്ചു. 

ഭക്ഷ്യമന്ത്രിയായപ്പോൾ ഉണ്ടായ പാമോലിൻ കേസിൽ പ്രതിസ്ഥാനത്ത് വന്നെങ്കിലും തുടർവിജയങ്ങൾക്കോ ജനകീയതക്കോ തടസ്സമായില്ല. മുഖ്യമന്ത്രി കരുണാകരൻ ഒന്നാം പ്രതിയും മുസ്തഫ രണ്ടാം പ്രതിയും ആയിരുന്നു. ഉദ്യോഗസ്ഥതലത്തിലുള്ള ക്രമക്കേടാണെന്നും തനിക്കു പങ്കില്ലെന്നുമായിരുന്നു മുസ്തഫയുടെ നിലപാട്. 

 ടി.എച്ച്. മുസ്തഫ അവസാനം മത്സരിച്ചത് 2023 നവംബർ 26ന് ആലുവ–കുന്നത്തുനാട് റബർ മാർക്കറ്റിങ് സൊസൈറ്റിയിലേക്കു നടന്ന ഭരണസമിതി തിരഞ്ഞെടുപ്പിലാണ്. അദ്ദേഹത്തിന്റെ പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ടി.എച്ച്. മുസ്തഫ തിരഞ്ഞെടുപ്പുകളിൽ 
1977: ആലുവയിൽ വിജയം
1980: ആലുവയിൽ പരാജയം
1982, 1987,1991: കുന്നത്തുനാട് മണ്ഡലത്തിൽ വിജയം 
1996: കുന്നത്തുനാടിൽ പരാജയം 
2001: കുന്നത്തുനാടിൽ വിജയം

English Summary:

Profile about Congress Leader T.H.Musthafa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com