എക്സാലോജിക് റജിസ്റ്റർ ചെയ്തത് എകെജി സെന്ററിന്റെ വിലാസം ഉപയോഗിച്ച്; സിപിഎമ്മും പ്രതിക്കൂട്ടിൽ
Mail This Article
തിരുവനന്തപുരം ∙ എക്സാലോജിക്കിനെതിരായ അന്വേഷണത്തിൽ പ്രതിക്കൂട്ടിലാകുന്നതു സിപിഎം കൂടിയാണ്. പാർട്ടിയുടെ കേരളത്തിലെ ആസ്ഥാനമായ എകെജി സെന്ററിന്റെ വിലാസം ഉപയോഗിച്ചാണ് വീണ ബെംഗളൂരുവിൽ കമ്പനി റജിസ്റ്റർ ചെയ്തത്. മുൻപ് ഇതുസംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ അഡ്രസ് ഒന്നും നോക്കേണ്ട കാര്യമില്ലെന്നും അതിന്റെ രേഖയൊന്നും എകെജി സെന്ററിൽ ഇല്ലെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം.
വീണ 2014 ൽ കമ്പനി ആരംഭിക്കുന്ന കാലത്ത് പിണറായിയും കുടുംബവും തലസ്ഥാനത്തു താമസിച്ചിരുന്നത് എകെജി സെന്ററിനടുത്ത് പാർട്ടിയുടെ ഫ്ലാറ്റിലായിരുന്നു. എന്നാൽ ഈ ഫ്ലാറ്റിന്റെയല്ല, പാർട്ടി ആസ്ഥാനത്തിന്റെ തന്നെ വിലാസമാണ് വീണ ഉപയോഗിച്ചത്. അതേസമയം, നോമിനിയായി ഉൾപ്പെടുത്തിയ അമ്മ കമലയുടെ വിലാസം കണ്ണൂരിലേതായിരുന്നു.
പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമാണ് കമ്പനി കേരളത്തിൽ കൂടുതൽ കരാറുകൾ നേടുന്നത്. സോഫ്റ്റ്‌വെയർ കമ്പനിയാണെങ്കിലും ഇവർ തയാറാക്കിയ സോഫ്റ്റ്‌വെയറുകളെക്കുറിച്ചോ ഇടപാടുകാരെക്കുറിച്ചോ ഉയർന്ന ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം നൽകാൻ കമ്പനിക്കോ പാർട്ടിക്കോ കഴിഞ്ഞിട്ടില്ല.
ജീവനക്കാരുടെ വിവരങ്ങൾ പുറത്തുവിടാൻ മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. സാമ്പത്തിക ഇടപാടുകൾക്കു മറയായ ‘ഷെൽ കമ്പനി’ ആണിതെന്നു പ്രതിപക്ഷം ആരോപിച്ചത് ഈ സാഹചര്യത്തിലാണ്.
സംസ്ഥാനത്തേക്ക് ഐടി നിക്ഷേപം ആകർഷിക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ ഐടി വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മകൾ മറ്റൊരു സംസ്ഥാനത്ത് സംരംഭം നടത്തുന്നതിലെ ശരികേടും ഉന്നയിക്കപ്പെട്ടിരുന്നു.
ചർച്ച ചെയ്യാതെ സംസ്ഥാന കമ്മിറ്റി
തിരുവനന്തപുരം ∙ എക്സാലോജിക്കിന്റെ ഇടപാടുകൾ അന്വേഷിക്കാനുള്ള കേന്ദ്ര തീരുമാനം ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ചർച്ച ചെയ്തില്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അധികം പ്രാധാന്യം നൽകി ചർച്ച ചെയ്യേണ്ടതില്ലെന്നുമാണ് പാർട്ടി നിലപാട്.