ADVERTISEMENT

തിരുവനന്തപുരം∙ വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ 156 അസി. പ്രഫസർ തസ്തികകൾ കൂടി സൃഷ്ടിക്കാനുള്ള ബോർഡ് ഓഫ് മാനേജ്മെന്റിന്റെ തീരുമാനം അനധികൃതമാണെന്ന പരാതിക്ക് എതിരെ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വൈസ് ചാൻസലറോട് റിപ്പോർട്ട് തേടും. കേരള സർവകലാശാല സെനറ്റിലേക്ക് നാമനിർദേശം ചെയ്തത് ഉൾപ്പെടെ പല വിഷയങ്ങളിലും സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണർ, വെറ്ററിനറി സർവകലാശാലയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നാണു സൂചന. റിപ്പോർട്ട് ആവശ്യപ്പെട്ട് രാജ്ഭവനിൽ നിന്ന് ഇന്ന് വൈസ് ചാൻസലർക്ക് കത്തയയ്ക്കും. 

അനധികൃതമായി അധ്യാപക തസ്തികകൾ സൃഷ്ടിക്കാനുള്ള ഭരണസമിതി നീക്കം തടയണം എന്ന് ആവശ്യപ്പെട്ട് ഗവർണർക്കും മുഖ്യമന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി നിവേദനം നൽകിയിരുന്നു. ഇതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ നിയമ വിദ്ഗധരുമായി കൂടിയാലോചിച്ച് ബോർഡ് ഓഫ് മാനേജ്മെന്റിന്റെ തീരുമാനം റദ്ദാക്കാനും ഗവർണർക്ക് അധികാരമുണ്ട്.  

സർവകലാശാല ചട്ടത്തിൽ ഇല്ലാത്ത 7 വകുപ്പുകൾ കൂടി രൂപീകരിച്ചാണ് അനധികൃത നിയമനം നടത്തുന്നതെന്നും ഇഷ്ടക്കാരെ തിരുകി കയറ്റാൻ വേണ്ടിയാണ് ഇതെന്നുമാണ് ആരോപണം.  ചില വിഷയങ്ങളിൽ നെറ്റ് വേണമെന്ന വ്യവസ്ഥ പോലും നിയമനത്തിനായി ഒഴിവാക്കിയതായും പരാതിയുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ളതാണ് സർവകലാശാല ബോർഡ് ഓഫ് മാനേജ്മെന്റ്. തസ്തികകൾ സൃഷ്ടിക്കുന്നതിലൂടെ ഉണ്ടാകുന്ന 20 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത സർവകലാശാല പരിഗണിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. 

മന്ത്രി ജെ.ചിഞ്ചുറാണി വിഷയത്തിൽ ഇതു വരെ പ്രതികരിച്ചിട്ടില്ല. വെറ്ററിനറി സർവകലാശാലയിൽ അധ്യാപക തസ്തികകൾക്ക് മന്ത്രിസഭാ യോഗം അനുമതി നൽകിയിട്ടുണ്ടെന്നും, നിയമാനുസൃത നടപടികളാണ് നടത്തുന്നതെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. 
നടപടി കോളജുകളുടെ അംഗീകാരം റദ്ദാകാതിരിക്കാൻ: വിസി
വെറ്ററിനറി സർവകലാശാലയ്ക്കു കീഴിൽ രണ്ടു വെറ്ററിനറി കോളജും ഒരു പോൾട്രി സയൻസ് കോളജും 4 ഡെയറി സയൻസ് കോളജുകളുമാണുള്ളത്. ഡെയറി സയൻസ് കോളജുകളിലായി 26 അധ്യാപകർ മാത്രമാണുള്ളതെന്ന് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ.എം.ആർ.ശശീന്ദ്രനാഥ് പറഞ്ഞു. ഈ സ്ഥിതി തുടർന്നാൽ ഡെയറി സയൻസ് കോളജുകളുടെ അംഗീകാരം റദ്ദാക്കപ്പെടുന്ന സാഹചര്യത്തിലാണ് 69 പുതിയ തസ്തികകൾ സൃഷ്ടിച്ച് അധ്യാപകരെ നിയമിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോയത്.

English Summary:

Move for Illegal Appointment: Governor will seek report from Veterinary University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com