എംടി ഉദ്ദേശിച്ചതിൽ ഡൽഹിയും തിരുവനന്തപുരവും: ശശി തരൂർ
Mail This Article
കോഴിക്കോട്∙ എം.ടി.വാസുദേവൻ നായരുടെ പ്രസംഗത്തിൽ ഉദ്ദേശിച്ചത് ആരെയാണെന്നതിൽ ഒരു സംശയവുമില്ലെന്നു ശശി തരൂർ എംപി. ഒരാൾ തിരുവനന്തപുരത്തും ഒരാൾ ഡൽഹിയിലുമുണ്ടെന്നും തരൂർ പറഞ്ഞു.
രാഷ്ട്രീയത്തിൽ ഭക്തി അപകടമാണെന്ന് അംബേദ്കർ പറഞ്ഞിട്ടുള്ളതാണ്. എംടി പറയുന്നത് അംബേദ്കറിന്റെ അതേ ചിന്തകളാണ്. രാഷ്ട്രീയ നേതാവിനോടു ഭക്തി കാണിച്ചാൽ, ദൈവമായി കണ്ടാൽ രാജ്യം പിഴയ്ക്കും. അംബേദ്കർ 70 വർഷങ്ങൾക്കു മുൻപു ചോദിച്ചത് എംടി ഇപ്പോഴും ചോദിക്കുന്നു. അതു ശരിയാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് നൂറുശതമാനം യോജിക്കുന്നുവെന്നും തരൂർ പറഞ്ഞു.
രാഷ്ട്രീയത്തിൽ യുവാക്കൾക്ക് അവസരം നൽകണമെന്നാണ് എക്കാലത്തെയും നിലപാടെന്നും ഇത്തവണ കൂടി മത്സരിച്ചു കഴിഞ്ഞാൽ യുവാക്കൾക്കായി മാറണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെറിയാൻ ഫിലിപ്പിന്റെ കുറിപ്പിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വയം പുകഴ്ത്തൽ നല്ലതല്ല: കെ.പി.കണ്ണൻ
തിരുവനന്തപുരം∙ കേന്ദ്രത്തെ പഴി പറയുന്ന സംസ്ഥാന സർക്കാർ ഇവിടെ ഒന്നും ചെയ്യാതിരിക്കുന്നതിന് ഒരു ന്യായീകരണവും ഇല്ലെന്നും എം.ടി.വാസുദേവൻ നായർ കഴിഞ്ഞ ദിവസം കോഴിക്കോട്ടു പറഞ്ഞത് കേരളത്തിന്റെ സാമ്പത്തിക കാര്യങ്ങളിലും ബാധകമാണെന്നും മുതിർന്ന സാമ്പത്തിക വിദഗ്ധനും സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് മുൻ ഡയറക്ടറുമായ പ്രഫ.കെ.പി.കണ്ണൻ. കേരള ഇക്കണോമിക് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിലായിരുന്നു വിമർശനം. നമ്മൾ കേമന്മാരും വമ്പന്മാരും ആണെന്നു സ്വയം പറഞ്ഞു കൊണ്ടിരിക്കുന്നത് സ്വയം പുകഴ്ത്തലാണ്. അതു ഭരിക്കുന്നവർക്കു ചേർന്നതല്ല. കേന്ദ്രത്തെ കുറ്റം പറയുന്നവർ ഇവിടെ ഒന്നും ചെയ്യാതിരിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യക്ത്യാരാധന ഇടതുപക്ഷ രീതിയല്ല: ബിനോയ് വിശ്വം
പാലക്കാട് ∙ കേരളത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നയാളാണ് എം.ടി.വാസുദേവൻ നായർ എന്നും അദ്ദേഹം ഒരു കാര്യം പറഞ്ഞാൽ അർഹിക്കുന്ന ഗൗരവത്തോടെ കാണുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
അദ്ദേഹം പറഞ്ഞതു വ്യക്തിയെ ഊന്നിക്കൊണ്ടാണെന്നു കാണുന്നില്ല. പക്ഷേ, ഉൾക്കൊള്ളേണ്ടത് ഉൾക്കൊള്ളും. വ്യക്ത്യാരാധന ഇടതുപക്ഷമല്ലെന്നും വിമർശനങ്ങളെ ഉൾക്കൊള്ളുന്നതാണ് ഇടതുപക്ഷ രീതിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ അന്വേഷണത്തെക്കുറിച്ചു കാര്യമറിയാതെ അഭിപ്രായം പറയാനാകില്ലെന്നും എതിരാളികളെ നിർവീര്യമാക്കാൻ ഏജൻസികളെ രാഷ്ട്രീയക്കണ്ണോടെ ഉപയോഗിക്കുന്നവരാണു കേന്ദ്രസർക്കാർ എന്നും ബിനോയ് വിശ്വം പറഞ്ഞു.