ADVERTISEMENT

തിരുവനന്തപുരം∙പാർലമെന്റ് തിരഞ്ഞെടുപ്പി‍ൽ മൂന്നാമത് ഒരു സീറ്റ് ചോദിക്കാൻ മുസ്‌ലിം ലീഗ് തീരുമാനിച്ചെങ്കിലും അതിന്റെ പേരിൽ കലഹത്തിനു തുനിയില്ലെന്ന വിലയിരുത്തലിൽ കോൺഗ്രസ്. 29ന് ലീഗും കോൺഗ്രസും തമ്മിൽ സീറ്റ് വിഭജനം സംബന്ധിച്ച ആദ്യവട്ട ഉഭയകക്ഷി ചർച്ച നടത്തും. നിയമസഭാ സമ്മേളനം തുടങ്ങുന്ന 25ന് കേരള കോൺഗ്രസുമായുള്ള(ജോസഫ്) ചർച്ചകളോടെയാണു സീറ്റ് വിഭജനത്തിലേക്കു കോൺഗ്രസ് കടക്കുന്നത്. നിലവിലെ ധാരണ തന്നെ തുടരാമെന്ന പ്രതീക്ഷയിലാണ് പാർട്ടി. കോൺഗ്രസ്–16, ലീഗ്–രണ്ട്, കേരള കോൺഗ്രസ്–ഒന്ന്, ആർഎസ്പി–1 എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

4 സീറ്റിന് അർഹത ഉണ്ടെന്നാണ് ലീഗിന്റെ വിലയിരുത്തൽ. എൽഡിഎഫിൽ സിപിഐ 4 സീറ്റിൽ മത്സരിക്കുന്നതു കൂടി കണക്കിലെടുത്താണ് ഈ അവകാശവാദം. 4 ചോദിക്കുന്നില്ല, പക്ഷേ പകരം ഇപ്പോൾ മത്സരിക്കുന്ന മലപ്പുറവും പൊന്നാനിയും കൂടാതെ ഒരു സീറ്റു കൂടി വേണം എന്നാണ് ആവശ്യം. കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകളായ വയനാട്, വടകര, കാസർകോട് എന്നിവയിൽ ഒന്നാണ് ലീഗ് ആഗ്രഹിക്കുന്നത്. രാഹുൽഗാന്ധി വയനാട് മത്സരിക്കുന്നില്ലെങ്കിൽ മാത്രമേ അതു ചോദിക്കൂ. കെ.മുരളീധരൻ പിന്മാറുന്ന പക്ഷം വടകര നോട്ടമുണ്ട്. ആദ്യ ഘട്ട ചർച്ചയിൽ സീറ്റ് ഏതെന്ന് ലീഗ് ചൂണ്ടിക്കാട്ടില്ല.

അധിക സീറ്റിനു വേണ്ടിയുള്ള അർഹത കോൺഗ്രസിനെ ബോധ്യപ്പെടുത്താനാകും ശ്രമം. അർഹത ഉണ്ടായിട്ടും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ സീറ്റിനായി മുന്നണിയിൽ സമ്മർദം ചെലുത്തിയില്ലെന്ന വികാരം ലീഗിന് അകത്തുണ്ട്. പാർലമെന്റ് സീറ്റിനു വേണ്ടിയുള്ള യുവ നിരയുടെ ആവശ്യവും മൂന്നാം സീറ്റു ചോദിക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തിനു പിന്നിലുണ്ട്. ലീഗിന്റെ അർഹത ചോദ്യം ചെയ്യാതെ സിറ്റിങ് സീറ്റുകൾ വിട്ടുകൊടുക്കാനുള്ള ബുദ്ധിമുട്ടാകും കോൺഗ്രസ് ചൂണ്ടിക്കാട്ടുക. അയോധ്യയിലെ രാമക്ഷേത്ര ചടങ്ങിലേക്ക് ലഭിച്ച ക്ഷണത്തിന്മേൽ കോൺഗ്രസ് തീരുമാനം നീണ്ടുപോയപ്പോൾ അവരെ ഒട്ടും സമ്മർദത്തിലാക്കാതെയുള്ള സമീപനമാണ് ലീഗ് കൈക്കൊണ്ടത്. ലീഗിന്റെ വികാരം ഹൈക്കമാൻഡിനെ സംസ്ഥാന നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.

കോട്ടയത്ത് ജയസാധ്യത കണക്കിലെടുത്ത് തീരുമാനം വേണമെന്ന് കോൺഗ്രസ് 

കേരള കോൺഗ്രസ് (എം) യുഡിഎഫിലായിരിക്കെ മത്സരിച്ചു ജയിച്ച കോട്ടയം സീറ്റ് പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിനു നൽകുന്നതിനോട് എതിർപ്പില്ലെങ്കിലും അവിടെ ജയസാധ്യത ഉറപ്പിക്കാൻ കഴിയുന്ന സ്ഥാനാർഥിയെ അവർ കണ്ടെത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം പാളിയെന്ന വിലയിരുത്തൽ മുന്നണിയിലുണ്ട്. പത്തനംതിട്ട കേരള കോൺഗ്രസിനു നൽകി കോട്ടയത്തു കോൺഗ്രസ് മത്സരിക്കണമെന്ന നിർദേശത്തിന്റെ സാധ്യതയും സീറ്റ് വിഭജന ചർച്ചകളോട് അനുബന്ധിച്ചു പരിശോധിക്കും.

English Summary:

Muslim League to convince eligibility for additional seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com