അരവണ: ദേവസ്വം ബോർഡ് സ്വന്തം ഡപ്പി നിർമാണശാല ആരംഭിക്കും
Mail This Article
ശബരിമല ∙ ഇത്തവണത്തെ പോരായ്മകൾ പരിശോധിച്ച് സാമ്പത്തിക വർഷത്തിന്റെ ആദ്യം തന്നെ അടുത്ത തീർഥാടന ഒരുക്കങ്ങൾ തുടങ്ങുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. കമ്പനികളിൽനിന്നു ശർക്കര നേരിട്ടു വാങ്ങും. ഇടനിലക്കാരെ ഒഴിവാക്കും. അരവണ ഡപ്പി ക്ഷാമത്തിനു പരിഹാരമായി ദേവസ്വം ബോർഡ് സ്വന്തം ഡപ്പി നിർമാണശാല ആരംഭിക്കും. ഇതിനുള്ള പ്രോജക്ട് റിപ്പോർട്ട് തയാറാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
മകരജ്യോതി ദർശനത്തിനായി കാത്തിരിക്കുന്ന തീർഥാടകർക്കു വിതരണം ചെയ്യാൻ 80 ലക്ഷം പാക്കറ്റ് ബിസ്കറ്റും ചുക്കുവെള്ളവും ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിത്താവളത്തിലെ 2 കേന്ദ്രങ്ങളിൽ 3 നേരവും അന്നദാനം തുടങ്ങി. 17 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ 60,000 പേർക്ക് ബുക്ക് ചെയ്യാം. നാളെ മുതൽ 20 വരെ 10,000 പേർക്ക് സ്പോട് ബുക്കിങ് സൗകര്യമുണ്ട്. രാജപ്രതിനിധി 18ന് സന്നിധാനത്ത് എത്തും. 19ന് കളഭാഭിഷേകം നടക്കും. 20നു മാളികപ്പുറത്ത് ഗുരുതി നടക്കുമെന്ന് ബോർഡ് അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവർ പറഞ്ഞു.