കണ്ണനു നെയ്യും താമരയും: തേവർക്കു മീനൂട്ട് വഴിപാട്
Mail This Article
ഗുരുവായൂർ/തൃപ്രയാർ ∙ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ആഹ്ലാദം സമൂഹമാധ്യമത്തിലെ ഔദ്യോഗിക പേജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളത്തിൽ പങ്കുവച്ചു. ‘പവിത്രമായ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രാർഥിച്ചു. ഈ ക്ഷേത്രത്തിന്റെ ദിവ്യമായ ഊർജം അളവറ്റതാണ്. എല്ലാ ഇന്ത്യക്കാരും സന്തോഷത്തോടെയും സമൃദ്ധിയോടെയും തുടരാൻ ഞാൻ പ്രാർഥിച്ചു’ – അദ്ദേഹം കുറിച്ചു. ഗുരുവായൂരിലെ ഹെലിപാഡിൽ തന്നെ കാണാനായി അതിരാവിലെ കാത്തുനിന്ന ആൾക്കൂട്ടത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു.
നിശ്ചയിച്ചതിലും 20 മിനിറ്റ് വൈകി ഇന്നലെ രാവിലെ 8നാണ് മോദി ഗുരുവായൂരിൽ ദർശനത്തിനെത്തിയത്. കിഴക്കേ ഗോപുര കവാടത്തിൽ ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് എന്നിവർ പ്രധാനമന്ത്രിയെ പൂർണകുംഭം നൽകി സ്വീകരിച്ചു. കിഴക്കേ വാതിൽമാടത്തിലൂടെ അകത്തുകടന്ന് അദ്ദേഹം ദർശനം നടത്തി. മേൽശാന്തി നൽകിയ പ്രസാദം തന്ത്രി പ്രധാനമന്ത്രിക്കു നൽകി.
പ്രധാനമന്ത്രി മോദിക്കായി പ്രത്യേക മുഴുക്കാപ്പ് കളഭാലങ്കാരം ചാർത്തിയത് ശ്രീരാമന്റെ മുന്നിൽ ഗദയുമായി തൊഴുകൈകളോടെ ഇരിക്കുന്ന ഹനൂമാന്റെ രൂപം ആയിരുന്നു. ഓട്ടുരുളിയിൽ നറുനെയ്യും പിച്ചളത്തളികയിൽ താമരപ്പൂക്കളും സമർപ്പിച്ചാണു പ്രധാനമന്ത്രി കണ്ണനെ കണ്ടത്. മേൽശാന്തി പൊട്ടക്കുഴി ശ്രീനാഥ് നമ്പൂതിരി നെയ് ഗുരുവായൂരപ്പന്റെ സ്വർണ നിലവിളക്കിൽ ഒഴിച്ചു. ഓതിക്കൻ കക്കാട് സതീശൻ നമ്പൂതിരി താമരപ്പൂക്കൾ ഭഗവാന്റെ പാദങ്ങളിൽ സമർപ്പിച്ചു. ദേവസ്വത്തിന്റെ ഉപഹാരമായി ഗുരുവായൂരപ്പന്റെ ദാരുശിൽപം പ്രധാനമന്ത്രിക്കു സമ്മാനിച്ചു.
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ തീവ്രാനദിക്കരയിലെ കടവിൽ പ്രധാന വഴിപാടായ മീനൂട്ടിനു ശേഷം ക്ഷേത്രത്തിൽ ദർശനവും പ്രദക്ഷിണവും നടത്തി. തൃപ്രയാറിൽ ദർശനം നടത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. ഏറെനേരം വേദാർച്ചനയും ശ്രീരാമഭജനയും കേട്ടിരുന്നു. ബ്രഹ്മസ്വം മഠത്തിലെ കുട്ടികളാണു വേദാർച്ചന നടത്തിയത്. സദസ്സിൽ മറ്റു കാഴ്ചക്കാർക്കൊപ്പമിരുന്നാണ് അദ്ദേഹം ഭജന ശ്രവിച്ചത്.