ഇലക്ട്രിക് ബസ് വാങ്ങില്ലെന്ന് മന്ത്രി ഗണേഷ്; ഒരു ബസിൽ 25,000 രൂപ ലാഭമെന്നു വിശദീകരിച്ചത് ‘നഷ്ടമാക്കാൻ’ കെഎസ്ആർടിസി
Mail This Article
തിരുവനന്തപുരം ∙ മന്ത്രി മാറിയതിനൊപ്പം ഇലക്ട്രിക് ബസ് നയവും മാറുന്നതിൽ ഷോക്കേറ്റ് കെഎസ്ആർടിസി. ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രഖ്യാപനത്തോടെ വകുപ്പിന്റെ ബസ് വാങ്ങൽ പദ്ധതികളെല്ലാം പ്രതിസന്ധിയിലായി. 814 കോടി രൂപയാണ് ബസ് വാങ്ങുന്നതിന് കിഫ്ബി വായ്പ അനുവദിച്ചത്. ഈ പണം ഉപയോഗിച്ച് 500 ഇലക്ട്രിക് ബസുകൾ വാങ്ങുമെന്നാണ് സർക്കാർ നാലുവർഷമായി പറഞ്ഞിരുന്നത്. വാങ്ങുന്നത് ഹരിതോർജ ബസുകളായിരിക്കണമെന്നായിരുന്നു കിഫ്ബിയുടെ നിബന്ധന.
ആദ്യം വാങ്ങിയ 50 ഇലക്ട്രിക് ബസുകളാണ് തിരുവനന്തപുരം നഗരത്തിലെത്തിയത്. ബാക്കി ബസുകൾ വാങ്ങുന്നതിന് വായ്പ സംബന്ധിച്ച് മന്ത്രിതല ചർച്ച നടന്നു. അടുത്ത ഘട്ടത്തിൽ വീണ്ടും 500 ഇലക്ട്രിക് ബസുകൾ കൂടി വാങ്ങുമെന്നായിരുന്നു പ്രഖ്യാപനം. 950 ഇലക്ട്രിക് ബസുകൾ ലഭിക്കുന്ന പ്രധാനമന്ത്രി ഇ–സേവാ ബസ് പദ്ധതിയും പുതിയ നിലപാട് മൂലം അനിശ്ചിതത്വത്തിലാകും. 10 നഗരങ്ങളിലേക്കാണ് 950 ഇലക്ട്രിക് ബസുകൾ ലഭിക്കുന്നത്. കേന്ദ്രസർക്കാരുമായി ധാരണയിലെത്തുന്നതിനു മുന്നോടിയായി ധനവകുപ്പിന്റെ പരിഗണനയിലാണ് ഇതിന്റെ ഫയൽ.
ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ ഈ പദ്ധതിയിൽനിന്ന് പിന്തിരിയാനാണ് സാധ്യത. ഭൂരിഭാഗം സംസ്ഥാനങ്ങളിലെയും ട്രാൻസ്പോർട്ട് കോർപറേഷനുകൾ കൂടുതലും ഇലക്ട്രിക് ബസുകളാണ് വാങ്ങുന്നത്. സിഎൻജിക്ക് വില കൂടിയതോടെയാണ് ഇലക്ട്രിക് ബസുകളിലേക്ക് തിരിഞ്ഞത്.
തലസ്ഥാന നഗരത്തിൽ ഓടുന്ന 113 ഇലക്ട്രിക് ബസുകൾ സ്മാർട്സിറ്റി പദ്ധതി വഴി ലഭിച്ചതാണ്. ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിന് 100 കോടിയാണ് സ്മാർട്സിറ്റി പദ്ധതി നൽകിയത്. പൂർണമായും ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്ന നഗരമാകും തിരുവനന്തപുരം എന്നായിരുന്നു മന്ത്രിയായിരുന്ന ആന്റണി രാജു പ്രഖ്യാപിച്ചിരുന്നത്.
ഇലക്ട്രിക് ബസുകളിൽ ആദ്യം ദിവസം ശരാശരി 10,000 പേർ പോലും കയറുന്നില്ലെന്ന് കണ്ടതോടെയാണ് നഗരത്തിലെവിടെ യാത്ര ചെയ്യാനും 10 രൂപ ടിക്കറ്റ് കൊണ്ടുവന്നത്. ഇതോടെ സിറ്റി സർക്കുലർ സർവീസുകളിൽ 70,000–80,000 പേർ ദിവസവും കയറിയെന്നും കെഎസ്ആർടിസി തന്നെ അറിയിച്ചു. മാസം ഒരു ബസിൽ 25,000 രൂപ വരെ ലാഭമെന്നും വിശദീകരിച്ചു. ഇപ്പോൾ ഇൗ ബസുകൾ നഷ്ടത്തിലെന്നു പറയുന്നതിന്റെ കണക്കുകൾ കെഎസ്ആർടിസി വിശദീകരിച്ചിട്ടില്ല.