ഭാസുരാംഗനെ ഒന്നാം പ്രതിയാക്കി ഇ.ഡി കുറ്റപത്രം സമർപ്പിച്ചു
Mail This Article
കൊച്ചി∙ തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ (പിഎംഎൽഎ) സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ എൻ.ഭാസുരാംഗനെ ഒന്നാം പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആദ്യകുറ്റപത്രം സമർപ്പിച്ചു. ഭാസുരാംഗനും കുടുംബാംഗങ്ങളും രേഖകളിൽ കൃത്രിമം നടത്തി 3.22 കോടി രൂപയുടെ വായ്പത്തുക തട്ടിയെടുത്ത കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഭാസുരാംഗന്റെ ഭാര്യ ജയകുമാരി, മകൻ ജെ.ബി.അഖിൽജിത്ത്, മറ്റു മൂന്നു ബന്ധുക്കൾ എന്നിവരാണു പ്രതിപ്പട്ടികയിലുള്ളത്.
ഭാസുരാംഗനെയും മകനെയും അറസ്റ്റ് ചെയ്ത് 59 ദിവസമായ സാഹചര്യത്തിലാണ് ഇന്നലെ വൈകിട്ട് കുറ്റപത്രം സമർപ്പിച്ചത്. ഇതോടെ പ്രതികൾക്കു സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള അവസരം ഇല്ലാതായി. 60 ദിവസത്തിനകം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്കു ജാമ്യം ലഭിക്കുമായിരുന്നു. ബാങ്കിൽ നടന്ന മറ്റു സാമ്പത്തിക തിരിമറികളിൽ അന്വേഷണം തുടരുകയാണ്. ബാങ്കിലെ മുൻഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴികൾ ഭാസുരാംഗനും കുടുംബാംഗങ്ങൾക്കും എതിരാണ്. കണ്ടല ബാങ്ക് തട്ടിപ്പു കേസിൽ ഇ.ഡി. പ്രതി ചേർത്തപ്പോൾ തന്നെ ഭാസുരാംഗനെ സിപിഐ പുറത്താക്കിയിരുന്നു.