ഡിജിറ്റൽ സർവേ നടത്തുന്ന ഭൂമിയിൽ ‘സർവേക്കല്ലുകൾ വേണ്ട’
Mail This Article
തിരുവനന്തപുരം ∙ ഭൂമിയുടെ ഡിജിറ്റൽ സർവേ നടത്തുന്ന സ്ഥലങ്ങളിൽ ഇനി സർവേക്കല്ലുകൾ പ്രത്യേകമായി സ്ഥാപിക്കേണ്ടെന്നു ചട്ടഭേദഗതി. എന്നാൽ, ഇതു സ്ഥാപിക്കണമെന്ന ഭൂവുടമ ആവശ്യപ്പെട്ടാൽ അതിന്റെ ചെലവ് സ്വയം വഹിക്കണമെന്നും 1964ലെ കേരള സർവേ അതിരടയാള നിയമ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ ഇറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കി.
ഡിജിറ്റൽ സർവേ പൂർത്തിയായ റവന്യു വില്ലേജുകളിലെ സബ് ഡിവിഷൻ അടിസ്ഥാനത്തിലുള്ള സർവേ ഭൂപടങ്ങൾ ഇനി സർവേ വകുപ്പ് തയാറാക്കിയ ‘എന്റെ ഭൂമി’ പോർട്ടലിൽനിന്നു നേരിട്ടു കൈമാറാം. ഒന്നര വർഷം മുൻപ് ആരംഭിച്ച ഡിജിറ്റൽ സർവേ അംഗീകൃതമാക്കാനാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കിയത്. 200 വില്ലേജുകളിലായി പുരോഗമിക്കുന്ന ഡിജിറ്റൽ സർവേയ്ക്ക് സാധൂകരണം ലഭിക്കാൻ കൂടിയാണ് വിജ്ഞാപനം.
ഡിജിറ്റൽ സർവേയ്ക്കും ഭൂപടങ്ങൾ തയാറാക്കുന്നതിന് സർവീസ് ചാർജ് സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കും. ഈ സർവീസ് ചാർജ് ഈടാക്കുന്നതിനാൽ ഡിജിറ്റൽ സർവേ നടത്തിയ വില്ലേജുകളിൽ സർവേ ഭൂപടത്തിന്റെ അംഗീകാരത്തിനായി പ്രത്യേക ഫീസ് നൽകേണ്ടതില്ല.
സർവേ പോയിന്റുകളുടെ ലൊക്കേഷൻ കണ്ടെത്താനുള്ള ഉപഗ്രഹാധിഷ്ഠിത ഗ്ലോബൽ നാവിഗേഷൻ സിസ്റ്റം (ജിഎൻഎസ്എസ്), ഗ്രൗണ്ട് കൺട്രോൾ പോയിന്റ്, ആധുനിക ഇലക്ട്രോണിക് സർവേ ഉപകരണങ്ങൾ എന്നിവ ചട്ടങ്ങളുടെ ഭാഗമായി. ഡിജിറ്റലായി നിർണയിക്കുന്ന പോയിന്റുകൾ, അവയ്ക്ക് ഉപയോഗിക്കുന്ന വിവിധതരം കല്ലുകളും മാർക്കുകളും, ഡിജിറ്റൽ മാപ്പുകൾ, മാപ്പിനുള്ള ഫീസ് എന്നിവ ചട്ടങ്ങളിൽ പ്രതിപാദിക്കുന്നു.