രാമക്ഷേത്രം ചടങ്ങ് ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നു: ശശി തരൂർ
Mail This Article
തിരുവനന്തപുരം ∙ അയോധ്യയിലെ രാമക്ഷേത്രത്തിലെ ചടങ്ങിനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ശശി തരൂർ എംപി. അതുകൊണ്ടാണ് കോൺഗ്രസ് ആ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.
എല്ലാവർക്കും അവരവരുടെ വിശ്വാസത്തിൽ പൂർണ അധികാരമുണ്ട്. മറ്റവസരങ്ങളിൽ കോൺഗ്രസ് നേതാക്കൾ അയോധ്യ ഉൾപ്പെടെ പല ക്ഷേത്രങ്ങളിലും പോകും. ഞാൻ ക്ഷേത്രങ്ങളിൽ പോകുന്നതിനു വലിയ പ്രചാരണം നൽകാറില്ല. അവസരം ലഭിക്കുമ്പോൾ ഞാനും അയോധ്യയിൽ പോകുമായിരിക്കും. ഞാൻ ക്ഷേത്രത്തിൽ പോകുന്നതു പ്രാർഥിക്കാനാണ്, രാഷ്ട്രീയം കളിക്കാനല്ല. എല്ലാ വ്യക്തികൾക്കും ദൈവവുമായുള്ള ബന്ധം സ്വകാര്യ വിശ്വാസമാണ്. ഞാൻ ആരുടെയും വിശ്വാസത്തെ കുറ്റംപറയില്ല. എന്റെ വിശ്വാസം എന്റെ സ്വകാര്യ വിഷയമാണ് – ശശി തരൂർ എംപി പറഞ്ഞു.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഉച്ചവരെ അടച്ചിരുന്നത് ശരിയല്ല. ആളുകൾ ആരോഗ്യത്തിനു വേണ്ടി ക്ഷേത്രങ്ങളിൽ പോയി പ്രാർഥിക്കും. അതിന്റെ ഫലം കിട്ടുന്നത് ആശുപത്രികളിൽ പോകുമ്പോഴാണ്. ആശുപത്രി അടച്ചിടുന്നത് ജനങ്ങളെക്കുറിച്ച് ചിന്തയില്ലാത്തതുകൊണ്ടാണ്.
ക്ഷേത്രച്ചടങ്ങിൽ പോയാൽ നിങ്ങൾ ബിജെപിയിൽ ചേർന്നോ എന്നു ചോദിക്കും. പോയില്ലെങ്കിൽ നിങ്ങളൊരു ഹിന്ദുവിരോധിയാണോ എന്നു ചോദിക്കും. ബിജെപിയുടെ ലക്ഷ്യം എപ്പോഴും രാഷ്ട്രീയം തന്നെയാണ്. രാമക്ഷേത്രവും മറ്റും ഉദ്ഘാടനം ചെയ്ത ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും – തരൂർ പറഞ്ഞു.